26 April Friday

ഫുൾ പവറായി ആഢ്യൻപാറ

സ്വന്തം ലേഖകൻUpdated: Sunday Oct 24, 2021

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റർ പ്രവർത്തന മുറി

 

നിലമ്പൂർ 
ജില്ലയിലെ കെഎസ്ഇബിയുടെ ഏക ജനറേറ്റിങ്‌  സ്റ്റേഷനായ ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ ഈ വര്‍ഷം മികച്ച ഉല്‍പ്പാദനം. പ്രതിവര്‍ഷ ഉല്‍പ്പാദന ലക്ഷ്യമായ 90,10,000 യൂണിറ്റ് ആറ് മാസത്തിനുള്ളിലായി.  
   ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യന്‍പാറ പദ്ധതിയുടെ ഈ സുവര്‍ണ നേട്ടം. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്ത് 23 വരെ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്.  84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരുദിവസത്തെ ഉല്‍പ്പാദനശേഷി. എന്നാൽ, ഈ വര്‍ഷം 86,500 യൂണിറ്റിന് മുകളില്‍വരെ നിലയത്തില്‍ ഉൽപ്പാദിപ്പിക്കാന്‍ സാധിച്ചു. ഇടമഴ ലഭിച്ചതിനാല്‍ ഈ വര്‍ഷം മെയ് പകുതിയോടെതന്നെ  വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയിരുന്നു. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവര്‍ഹൗസിലുള്ളത്. നിലവില്‍  ഒന്നര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവര്‍ത്തിക്കുന്നത്. 
കനത്ത മഴയുള്ള സമയത്ത് മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിക്കും. അനുകൂല കാലാവസ്ഥയും ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാര്‍ഷിക ഉല്‍പ്പാദന ലക്ഷ്യം വേഗത്തിലാക്കാൻ സഹായിച്ചെന്ന്‌ അസി. എന്‍ജിനിയര്‍ പി ആര്‍ ഗണദീപന്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top