കരിപ്പൂർ
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ അവശേഷിക്കുന്ന 46 രേഖകൾകൂടി ഉടമകൾ സർക്കാരിന് കൈമാറി. രേഖകൾ കൈമാറാൻ ഈ മാസം 30 വരെയായിരുന്നു സർക്കാർ സമയം അനുവദിച്ചിരുന്നത്. എന്നാൽ ശനിയാഴ്‌ച ഭൂവുടമകൾ ഒരുമിച്ചെത്തി രേഖകൾ സമർപ്പിക്കുകയായിരുന്നു. ഇതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ച സമയത്തിനകം സംസ്ഥാന സർക്കാരിന് ഭൂമി കൈമാറ്റം സാധ്യമാകും.
80 പേരാണ് രേഖ നൽകേണ്ടിയിരുന്നത്. ഇതിൽ 30 പേർ കഴിഞ്ഞദിവസങ്ങളിലായി സമർപ്പിച്ചിരുന്നു. ശനിയാഴ്‌ച 47 പേർകൂടി കൈമാറി. പള്ളിക്കൽ പഞ്ചായത്തിൽ പട്ടയമില്ലാത്ത രണ്ട് രേഖ കൈമാറാനുണ്ട്. ഇത് ശരിയാക്കാനുള്ള നടപടി പുരോഗമിക്കുന്നു. നെടിയിരുപ്പിൽ ടർഫ് ഗ്രൗണ്ടിന്റെ രേഖയും കൈമാറാനുണ്ട്. ഇതും അടുത്തദിവസം കൈമാറും.
നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽനിന്നുള്ള ഭൂവുടമകളാണ് ശനിയാഴ്ച നെടിയിരുപ്പ് പാലക്കാപറമ്പ് അങ്കണവാടിയിൽ എത്തി ഉദ്യോഗസ്ഥർക്ക് രേഖകൾ കൈമാറിയത്. നെടിയിരുപ്പിൽ 24 വീടുകളും പള്ളിക്കലിൽ 12 വീടുകളുമാണുള്ളത്. പള്ളിക്കലിൽ രേഖകൾ സമർപ്പിക്കാൻ 15 പേരാണ് ബാക്കിയുണ്ടായിരുന്നത്. നെടിയിരുപ്പിൽ 20 ഉടമകളും എത്തി. നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഓരോ ഉടമകളെയും ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. രേഖകൾ പൂർണമല്ലാത്തവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
ഡെപ്യൂട്ടി കലക്ടർ എം പ്രേംലാൽ, തഹസിൽദാർ കിഷോർകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ അഹമ്മദ് സാജു, ശ്രീധരൻ, ഉദ്യോഗസ്ഥരായ കെ സത്യനാരായണൻ, ടി ഷിബി, നൗഷാദ്, ഷജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രേഖകൾ സ്വീകരിച്ചത്. നഷ്ടപരിഹാരത്തുക സംബന്ധിച്ച് ആക്ഷേപമുള്ളവർ രേഖകൾ സമർപ്പിച്ചശേഷം നിവേദനവും നൽകി. നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കാനും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറാനും തുടർനടപടി വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..