28 March Thursday

എളമരംകടവ്‌, കൈപ്പിനിക്കടവ് പാലങ്ങള്‍ നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കൈപ്പിനിക്കടവ് പാലം ഉദ്ഘാടനം ചെയ്തശേഷം ജനങ്ങളോടൊപ്പം നടന്ന് വരുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അന്‍വര്‍ എംഎല്‍എ സമീപം

 കൊണ്ടോട്ടി/മാവൂർ 

ഏറെക്കാലമായുള്ള സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ചാലിയാറിന്റെ ഇരുകരയിലെയും ജനസഞ്ചയം. തിങ്കളാഴ്‌ച വൈകിട്ട്‌ മന്ത്രിയെത്തുമ്പോഴേക്കും ജനം ഒഴുകിയെത്തുകയായിരുന്നു. നാട്‌ ഇതുവരെ ദർശിക്കാത്ത ജനസഞ്ചയം കണ്ട്‌ ചാലിയാർപോലും പുളകിതയായി. ഒരു നാടിന്റെ വികസനപ്രതീക്ഷകൾക്ക്‌ പുതുചിറകുകൾ സമ്മാനിക്കുന്ന എളമരംകടവ്‌ പാലം  ഉത്സവാന്തരീക്ഷത്തിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിച്ചു. 
കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം അധ്യക്ഷനായി. സൂപ്രണ്ടിങ് എൻജിനിയർ ജി എസ് ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. എംപിമാരായ എളമരം കരീം, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി, പി ടി എ റഹീം എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷജിനി ഉണ്ണി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു നെല്ലൂളി, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ മലയിൽ അബ്ദുറഹിമാൻ, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി അബൂബക്കർ, വാഴക്കാട് പഞ്ചായത്ത് അംഗം അഡ്വ. ജന്ന ശിഹാബ്, മാവൂർ പഞ്ചായത്ത് അംഗം വാസന്തി, എൻ പ്രമോദ് ദാസ്, ജബ്ബാർഹാജി, ജൈസൽ എളമരം, ഒ കെ അയ്യപ്പൻ, ഷാഹിൽ എളമരം, അപ്പാട്ട് അബൂബക്കർ ഹാജി, സലാം എളമരം, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചീഫ് എൻജിനിയർ എം അശോക് കുമാർ സ്വാഗതവും എക്സിക്യുട്ടീവ് എൻജിനിയർ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
 
എടക്കര 
പുനർനിർമിച്ച കൈപ്പിനിക്കടവ് പാലം പൊതുമരാമത്ത്  മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന്‌ സമർപ്പിച്ചു.  2019ലെ പ്രളയത്തിലാണ് പാലം  തകര്‍ന്നത്. പ്രളയകാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയോടൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു. അന്ന് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ അധ്യക്ഷനായി. പി വി അബ്ദുല്‍ വഹാബ് എംപി മുഖ്യാതിഥിയായി. 
2019ല്‍ കവളപ്പാറ, പാതാര്‍ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന വന്‍മരങ്ങളും കൂറ്റന്‍ പാറകളും ഇടിച്ചാണ് കൈപ്പിനിക്കടവ് പാലം പൂര്‍ണമായും തകര്‍ന്നത്.  കുറുമ്പലങ്ങോട് പൂക്കോട്ടുമണ്ണക്കടവ് വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു വിദ്യാര്‍ഥികളുള്‍പ്പെടെ യാത്രക്കാര്‍ ചുങ്കത്തറയിലെത്തിയിരുന്നത്.  പാലം പുതുക്കിപ്പണിയാന്‍ 13.2 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പ്രളയത്തെ പ്രതിരോധിക്കുംവിധത്തിലാണ് പുതിയ പാലത്തിന്റെ നിര്‍മാണം. എക്സിക്യൂട്ടീവ് എൻജിനിയര്‍ ഡി. സിന്ധുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി പിടി യോഹന്നാൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി പുഷ്പവല്ലി, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം കെ നജ്മുന്നീസ, സൂസമ്മ മത്തായി, എം ആര്‍ ജയചന്ദ്രന്‍, ആന്‍സി, പി വി പുരുഷോത്തമന്‍, നിഷിത മുഹമ്മദാലി, ഇസ്മായിൽ എരഞ്ഞിക്കൽ, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ഉത്തരമേഖലാ സൂപ്രണ്ടിങ് എൻജിനിയര്‍ പി കെ മിനി, പാലങ്ങള്‍ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ രാമകൃഷ്ണന്‍ പാലശേരി, പൊതുമരാമത്ത് അസി. എൻജിനിയർ സി ടി മുഹ്സിൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top