28 March Thursday

ഹോം ഷോപ്പ് നമ്മുടെ സ്വന്തം

ടി വി സുരേഷ്Updated: Friday Mar 24, 2023

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ വിതരണംചെയ്യുന്ന ഹോം ഷോപ്പ് ഓണര്‍

മഞ്ചേരി
കലർപ്പില്ലാത്ത പ്രാദേശിക ഉൽപ്പന്നങ്ങളുമായി ‘കുടുംബശ്രീ ഹോം ഷോപ്പ്’ രണ്ടാംവർഷത്തിലേക്ക്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ്‌ കുടുംബശ്രീ ജില്ലാമിഷനുകീഴിൽ പദ്ധതി. അറുപത്‌ ഉൽപ്പാദന യൂണിറ്റുകളാണുള്ളത്‌. ഉൽപ്പന്നങ്ങൾ സ്ഥിരമായി വീടുകളിൽ എത്തിക്കുന്ന ആയിരത്തിലധികം ഹോം ഷോപ്പ് ഓണർമാരുമുണ്ട്‌.  ഇതിലൂടെ 1700 പേർക്ക് സ്ഥിരവരുമാനമായി. ഉയർന്ന ഗുണനിലവാരവും വിശ്വാസ്യതയും ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യത നൽകുന്നു. 
പള്ളിക്കൽ, കാവനൂർ, ചേലേമ്പ്ര പഞ്ചായത്തുകളിലാണ് ‘ഹോം ഷോപ്പ്‌’  മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. കൊണ്ടോട്ടി, അരീക്കോട് ബ്ലോക്കുകൾക്കുകീഴിൽ മാതൃകാ പദ്ധതിയായാണ്‌ തുടക്കം. ഇപ്പോൾ പെരിന്തൽമണ്ണ ബ്ലോക്കിലേക്ക് വ്യാപിപ്പിച്ചു. വേങ്ങര, തിരൂരങ്ങാടി ബ്ലോക്കുകളിൽ പ്രാരംഭ പ്രവർത്തനം തുടങ്ങി. 
ക്ഷേമത്തിലേക്ക്‌ കൈപിടിച്ച്‌
ഹോം ഷോപ്പ് ഓണർമാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ശ്രീനിധി സമ്പാദ്യ പദ്ധതി, കോൺട്രിബ്യൂട്ടറി പെൻഷൻ സ്‌കീം എന്നിവയുണ്ട്‌. പ്രവർത്തകർക്ക് പരിശീലനം, ബാഗ്, ഐഡി കാർഡ്, യൂണിഫോം എന്നിവ സൗജന്യം. ഹോം ഷോപ്പ് ഓണർമാരുടെ മക്കൾക്ക് പ്രതിവർഷം 1200 രൂപയാണ്‌ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്‌. 10,000 രൂപവരെ നാട്ടുതനിമയുടെ ചികിത്സാ സഹായവുമുണ്ട്‌. മൂന്നുമാസത്തിലൊരിക്കൽ നിത്യോപയോഗ സാധനങ്ങളുടെ കിറ്റ്‌ അംഗങ്ങളുടെ വീടുകളിലെത്തിക്കും. ഇരുചക്രവാഹനം വാങ്ങാൻ  80,000 രൂപവരെയും 50,000 രൂപവരെയുള്ള പലിശരഹിത സംരംഭകത്വ ലോണും സർക്കാർ പ്രഖ്യാപിച്ചു. സിഡിഎസുകളിൽ സിഡിഎസ് ലെവൽ കോ–--ഓര്‍ഡിനേറ്റർമാരെ (സിഎൽസി)യും വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരെ (ഡബ്ല്യുഎൽഎഫ്)യും നിയമിക്കും. ഓരോ വാർഡിലും ജനസംഖ്യാനുപാതികമായി ഹോം ഷോപ്പ് ഓണർമാരെ നിയമിക്കും. അപേക്ഷാഫോം അതത് സിഡിഎസ് ഓഫീസുകളിൽ ലഭിക്കുമെന്ന് ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാ കോ–-ഓർഡിനേറ്റർ പ്രസാദ് കൈതക്കൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top