26 April Friday

ഈ ജീവിതം ആത്മവിശ്വാസത്തിന്റെ കൊടുമുടി

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023

അബൂബക്കർ സിദ്ദീഖിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഖലീമുദ്ദീൻ ഉപഹാരം നൽകുന്നു

പൊന്നാനി 
ചെറിയ പ്രയാസങ്ങളിൽപോലും തളരുന്നവരേ... ഈ ജീവിതം  പ്രചോദനത്തിന്റെ കൊടുമുടിയാണ്‌. പരിമിതികളെ പഴിക്കാതെ ജ്വലിച്ചുയർന്ന അബൂബക്കർ സിദ്ദീഖ്‌ ആത്മവിശ്വാസത്തിന്റെ, നിശ്‌ചയദാർഢ്യത്തിന്റെ മറുപേരാണ്‌. 
അരക്കുതാഴെ രണ്ടുകാലും വലതുകൈയും ഇല്ല. ആകെയുള്ള ഇടതുകൈയിലെ മൂന്ന് വിരലുകൾ ഒട്ടിപ്പിടിച്ചനിലയിൽ. ശരീരത്തിന്റെ 95 ശതമാനവും അംഗവൈകല്യം. ലോക്കോമോട്ടര്‍ ഡിസെബിലിറ്റി എന്ന് ഡോക്ടർമാർ പേരിട്ട രോഗം തോറ്റു, അബൂബക്കർ ജയിച്ചു. പഠനത്തിൽ മിടുക്കരായ സഹോദരങ്ങളുടെ പാതയിൽ പുസ്തകത്തെ കൂട്ടുപിടിച്ച് മുന്നേറി. 
 കലിക്കറ്റ് സർവകലാശാലയിൽനിന്ന്‌ എംഎസ് സി കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കി. പഠനമികവിന്‌ അംഗീകാരവുമെത്തി. വേൾഡ് വൈഡ് ബുക്ക്സ് ഓഫ് റെക്കോഡ്‌ ഇൻസ്പെയർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. 
വേദനകളുടേതായിരുന്നു പോയകാലം. പരസഹായത്തോടെ ജീവിതംനീക്കുന്ന അബൂബക്കറിനെ പഠിപ്പിക്കാൻ പല സ്‌കൂളുകളും  മടിച്ചു. ഒടുവിൽ എടപ്പാൾ ശ്രീ നാരായണ സെൻട്രൽ സ്കൂളിൽ പ്രവേശനം കിട്ടിയെങ്കിലും അഞ്ചാം ക്ലാസ്‌ കെട്ടിടത്തിന്റെ മുകളിലായതോടെ വീൽചെയറിൽ എത്തുന്നത്‌ പ്രയാസമായി. പിന്നീട് ഏവി ഹൈസ്കൂളിലായി പഠനം.  പത്താംക്ലാസ് മികച്ച മാർക്കോടെ പാസായി. പൊന്നാനി എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നു. പ്ലസ്‌ടുവിന് കംപ്യൂട്ടർ സയൻസിൽ മികച്ച മാർക്ക് നേടി. എംഇഎസ് കോളേജിൽനിന്ന്‌ ബിഎസ്‌സിയും യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ് സി കംപ്യൂട്ടർ സയൻസും പാസായി. കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി എടുക്കാനാണ്‌ ആഗ്രഹം. 
 അബൂബക്കർ സിദ്ദീഖിനെ സിപിഐ എം പൊന്നാനി ഏരിയാ കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി കെ ഖലീമുദ്ദീൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പി വി ലത്തീഫ്, വി പി പ്രബീഷ്, കെ ദിവാകരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top