26 April Friday

പുള്ളിമാന്‍ വേട്ട: ഒരാള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
നിലമ്പൂർ
പുള്ളിമാനെ വെടിവച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയിൽ ഒരാളെ  വനപാലകർ അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. ചുങ്കത്തറ ചെമ്പൻകൊല്ലി സ്വദ്ദേശി കണ്ടഞ്ചിറ അയൂബിനെ (28)യാണ് നിലമ്പൂർ വനം റെയ്ഞ്ച് ഓഫീസർ കെ ജി അൻവറും സംഘവും അറസ്റ്റ് ചെയ്തത്.  മുജീബാണ്‌ (ചെറുമുത്ത്‌)  രക്ഷപ്പെട്ടത്.
വേട്ടക്ക് ഉപയോഗിച്ച ലൈസൻസില്ലാത്ത നാടൻ തോക്ക്, വെടിയുണ്ട, ബൈക്ക് എന്നിവ  കസ്റ്റഡിയിലെടുത്തു. രണ്ട് ഇലക്ട്രോണിക് ത്രാസ്‌, നാല്‌ കത്തി, രണ്ട് ഹെഡ് ലൈറ്റ്, ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്ന ഉപകരണം എന്നിവയും പ്രതിയുടെ  ബാഗിൽനിന്ന്‌ കണ്ടെടുത്തു. 
 കാനകുത്ത് മേഖലയിൽനിന്ന്‌ പുള്ളിമാനെ വേട്ടയാടിയശേഷം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ബൈക്കിന്റെ പിറകിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ്‌ അയൂബിനെ വനപാലകർ കീഴ്‌പ്പെടുത്തിയത്‌.  ബൈക്കിന്റെ പിറകിലിരുന്ന മുജീബ്  ഇറങ്ങിയോടി. പുള്ളിമാന്റെ കഴുത്തറുത്തശേഷം വയർകീറി ആന്തരാവയവങ്ങൾ പുറത്തെടുത്ത നിലയിലാണ്‌. 
റെയ്ഞ്ച് ഓഫീസർ ട്രെയിനി മുഹമ്മദാലി ജിന്ന, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ ഗിരിഷൻ എന്നിവരുടെ  നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്. 
അയൂബും മുജീബും പ്രധാന വേട്ടക്കാരാണെന്ന് വനപാലകർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി എം സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി ഷാക്കിർ, എൻ കെ രതീഷ്, എം സുധാകരൻ, എൻ ആഷീഫ്, സിപിഒ അർജുൻ, ഡ്രൈവർ റഷീദ് എന്നിവരും സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top