19 April Friday

പ്രവാസി നിക്ഷേപം 15,478.64 കോടി

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023

മലപ്പുറം

ജില്ലയിലെ ബാങ്കുകളിൽ പ്രവാസികളുടെ നിക്ഷേപത്തിൽ വൻ വർധന. ഡിസംബർവരെയുള്ള മൂന്നുമാസത്തിൽ 15,478.64 കോടി രൂപയാണ്  പ്രവാസി നിക്ഷേപം. സെപ്‌തംബർവരെയുള്ള മൂന്നുമാസത്തിൽ ഇത്‌ 14,042.81 കോടിയായിരുന്നു. ഇതുൾപ്പെടെ ഡിസംബർ പാദത്തിൽ 49,865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി  വിലയിരുത്തി.  
ജില്ലയിലെ മൊത്തം വായ്പ 31933.32 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലേക്കാൾ  475.5 കോടി രൂപയുടെ വർധന. വായ്പാ–-നിക്ഷേപ അനുപാതം 64.04 ശതമാനമാണ്. കേരള ഗ്രാമീണ്‍ ബാങ്ക്‌ 79.48 ശതമാനം, കാനറാ ബാങ്ക് -70.61, എസ്ബിഐ 37.77, ഫെഡറൽ ബാങ്ക് -28.41, സൗത്ത് ഇന്ത്യൻ ബാങ്ക് -42.19 എന്നിങ്ങനെയാണ് വായ്പാ നിക്ഷേപ അനുപാതം. വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരം ഈ സാമ്പത്തിക വർഷം ജില്ലയുടെ നേട്ടം 83 ശതമാനമാണ്. 16,700 കോടി രൂപയായിരുന്നു ലക്ഷ്യമെങ്കിലും 13,879 കോടി രൂപ വായ്പ നൽകി. കാർഷികമേഖലയിൽ 6463 കോടിയും ചെറുകിട വ്യവസായങ്ങൾക്കായി 2136 കോടിയും മറ്റ് മുൻഗണനാ മേഖലയിൽ 9966 കോടിയും പട്ടികവർഗക്കാർക്കായി 1503 കോടിയും വായ്പ നൽകി. സംസ്ഥാന സർക്കാരിന്റെ ‘സംരംഭക വർഷം' പദ്ധതിയിൽ ബാങ്കുകളുടെ മികച്ച സഹകരണമുണ്ടായി. ഇതിനൊപ്പമുള്ള ‘വൺ ഫാമിലി വൺ എന്റർപ്രൈസ്' പദ്ധതിയിലേക്ക് ആനുകൂല്യം ലഭ്യമാക്കണം.  
സംസ്ഥാന സർക്കാർ അതിദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ട്‌ അവരുടെ അവകാശ രേഖകൾ ലഭ്യമാക്കാൻ നടത്തുന്ന എബിസിഡി ക്യാമ്പുകളിൽ ബാങ്കുകളുടെ സേവനം ലഭ്യമാക്കണം. തൊഴിൽരഹിതരെ  സഹായിക്കാൻ നോർക്ക, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ നടത്തുന്ന പദ്ധതികൾ പരിഗണിക്കണം. സമൂഹത്തിലെ താഴേത്തട്ടിലുള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ളവരുമായ സാധാരണക്കാരെ ഉദ്ദേശിച്ച് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷയും പെൻഷനും നൽകുന്ന പിഎംജെജെബിവൈ, പിഎംഎസ്ബിവൈ, എപിവൈ എന്നിവ ഉപഭോക്താക്കളിലെത്തിക്കാൻ റിസർവ്‌ ബാങ്കും സംസ്ഥാനതല ബാങ്കിങ്‌ സമിതിയും ചേർന്ന് നടത്തുന്ന സുരക്ഷാ പദ്ധതിക്കും ജില്ലയിൽ തുടക്കമായി. 
ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗം കലക്ടർ വി ആർ പ്രേംകുമാർ ഉദ്ഘാടനംചെയ്തു.  നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാശനവും കലക്ടർ നിർവഹിച്ചു. മലപ്പുറം ലീഡ്‌ ഡിസ്‌ട്രിക്‌റ്റ്‌ മാനേജർ പി പി ജിതേന്ദ്രൻ, തിരുവനന്തപുരം ആർബിഐ എൽഡിഒ പ്രദീപ് കൃഷ്ണൻ മാധവ്, കാനറാ ബാങ്ക് ഡിഎം എ അനുപ്കുമാർ, എസ്ബിഐ, കാനറാ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ഫെഡറൽ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top