മലപ്പുറം
കേരള പ്രീമിയർ ലീഗ് 2022–--23 സീസണിന് വ്യാഴാഴ്ച മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കിക്കോഫ്. പകൽ 3.30ന് ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എ ടീമുകളായ സാറ്റ് തിരൂരും കേരള യുണൈറ്റഡ് എഫ്സിയും ഏറ്റുമുട്ടും. സീസണിലെ രണ്ടാം മത്സരം വ്യാഴാഴ്‌ച പകൽ 3.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഗ്രൂപ്പ് ബി മത്സരത്തിൽ കേരള പൊലീസ്, മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ നേരിടും. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് കെപിഎല്ലിന്റെ മറ്റൊരു വേദി.
മുൻ സീസണുകളിൽനിന്ന് വ്യത്യസ്തമായി മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ചാമ്പ്യൻഷിപ്പ് മാറ്റുരയ്‌ക്കുക. സാറ്റ് തിരൂർ, എംകെ സ്പോർട്ടിങ് ക്ലബ്, റിയൽ മലബാർ എഫ്സി കലിക്കറ്റ്, ബാസ്കോ ഒതുക്കുങ്ങൽ, വയനാട് യുണൈറ്റഡ് എഫ്സി, ലൂക്കാ സോക്കർ ക്ലബ്, കേരള യുണൈറ്റഡ് എഫ്സി, എസ്സാ എഫ്സി അരീക്കോട് എന്നീ എട്ട് ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. കെപിഎൽ യോഗ്യതാ റൗണ്ട് ജയിച്ചെത്തിയ പയ്യന്നൂർ കോളേജ്, കോർപറേറ്റ് എൻട്രിയിലൂടെ എത്തിയ എംകെ - സ്പോർട്ടിങ് ക്ലബ് എന്നിവയാണ് ഈ സീസണിലെ പുതുമുഖങ്ങൾ. നിലവിലെ ചാമ്പ്യൻമാരായ ഗോൾഡൻ ത്രെഡ്സ് ഉൾപ്പെടുന്ന ബി ഗ്രൂപ്പിൽ ഏഴ് ടീമുകളാണുള്ളത്. എ ഗ്രൂപ്പിൽ 28ഉം ബി, സി ഗ്രൂപ്പുകളിൽ 21 ഉം മത്സരങ്ങൾ വീതമാണുള്ളത്.
മത്സരഘടനയിലും ഇത്തവണ വ്യത്യാസമുണ്ട്. ഗ്രൂപ്പ് ഘട്ടം, സൂപ്പർ സിക്സ്, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെയായിരിക്കും മത്സരങ്ങൾ. മൂന്ന് തലങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങൾ. 24 മത്സരങ്ങളുള്ള ആദ്യഘട്ട ഫിക്സ്ച്ചർ മാത്രമാണ് കേരള ഫുട്‌ബോൾ അസോസിയേഷൻ പുറത്തിറക്കിയിട്ടുള്ളത്. പകൽ 3.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..