13 July Sunday

അജയമോഹനെ വെട്ടി; ഐ ഗ്രൂപ്പിന്‌ ഇടമില്ല

സി പ്രജോഷ്‌കുമാർUpdated: Saturday Oct 23, 2021

 

 

മലപ്പുറം

കെപിസിസി പുനഃസംഘടനയിൽ ജില്ലയിൽ ഐ ഗ്രൂപ്പിനെ പൂർണമായും തഴഞ്ഞു. ജനറൽ സെക്രട്ടറിസ്ഥാനം ഉറപ്പിച്ച ഐ ഗ്രൂപ്പ്‌ നേതാവ്‌ പി ടി അജയമോഹനെ എ പി അനിൽകുമാർ ഇടപെട്ട്‌ അവസാന നിമിഷം വെട്ടി.  നിലവിൽ ജനറൽ സെക്രട്ടറിമാരായിരുന്ന ഇ മുഹമ്മദ്‌കുഞ്ഞി, വി എം കരീം എന്നിവർക്കും ഭാരവാഹിത്വം നഷ്ടമായി. ആര്യാടൻ ഷൗക്കത്തിന്‌ ജനറൽ സെക്രട്ടറിസ്ഥാനം നൽകിയതിൽ ആര്യാടൻവിരുദ്ധ ഗ്രൂപ്പ്‌ അതൃപ്‌തരാണ്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നോമിനിയായി ആലപ്പറ്റ ജമീലക്ക്‌ ജനറൽ സെക്രട്ടറിസ്ഥാനം നൽകിയതിലും എതിർപ്പുണ്ട്‌.    ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവാണ്‌ പി ടി അജയമോഹൻ. നിലവിൽ കെപിസിസി സെക്രട്ടറിയാണ്‌. ഇത്തവണ ജനറൽ സെക്രട്ടറിസ്ഥാനം ഉറപ്പിച്ചതാണ്‌. രമേശ്‌ ചെന്നിത്തല നൽകിയ ലിസ്‌റ്റിലും അജയമോഹൻ ഉണ്ടായിരുന്നു. എന്നാൽ, കെ സി വേണുഗോപാലിനെ സ്വാധീനിച്ച്‌ എ പി അനിൽകുമാർ വെട്ടിയതായാണ്‌ വിവരം. നേരത്തെ ഐ ഗ്രൂപ്പുകാരനായിരുന്ന അനിൽകുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ കെ സി വേണുഗോപാൽ പക്ഷത്തേക്ക്‌ മാറിയത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരെ ഗ്രൂപ്പ്‌ യോഗം ചേർന്നെന്ന പരാതി ഉയർത്തിയാണ്‌ അജയമോഹനെ വെട്ടിയത്‌. ഇതോടെ ഐ ഗ്രൂപ്പിന്‌ ജില്ലയിലെ  ഭാരവാഹി പട്ടികയിൽ പ്രാതിനിധ്യമില്ലാതായി. കെപിസിസി നിലപാടിൽ കടുത്ത അതൃപ്‌തിയിലാണ്‌ അജയമോഹൻ.    ജില്ലാ പഞ്ചായത്തംഗം ആലപ്പറ്റ ജമീല കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നോമിനിയായാണ്‌ ജനറൽ സെക്രട്ടറിസ്ഥാനം ഉറപ്പിച്ചതെന്ന ആരോപണവും ശക്തമാണ്‌.  ഗ്രൂപ്പുകൾ പേര്‌ നിർദേശിക്കാതിരുന്നിട്ടും ഇവർ പട്ടികയിൽ ഇടംപിടിച്ചു. അജയമോഹനെ വെട്ടാനാണ്‌ എ പി അനിൽകുമാർ സ്‌ത്രീപ്രാതിനിധ്യമെന്ന വാദമുയർത്തിയത്‌.  മഹിളാ കോൺഗ്രസ്‌ നേതാവ്‌ ഫാത്തിമ റോഷനെയാണ്‌  പരിഗണിച്ചത്‌. എന്നാൽ, സുധാകരൻ ജമീലയുടെ പേര്‌ നിർദേശിച്ചു. അനിൽകുമാർ പക്ഷവും പിന്തുണച്ചു.  ആര്യാടൻ ഷൗക്കത്തിന്‌ ജനറൽ സെക്രട്ടറിസ്ഥാനം നൽകിയതിൽ ആര്യാടൻവിരുദ്ധ പക്ഷവും കടുത്ത അമർഷത്തിലാണ്‌. നിലവിൽ ജനറൽ സെക്രട്ടറിമാരായ ഇ മുഹമ്മദ്‌കുഞ്ഞിക്കും വി എ കരീമിനുമാണ്‌ സ്ഥാനം നഷ്ടമായത്‌. ഷൗക്കത്തിനെ വെട്ടാൻ മുന്നിൽനിന്ന്‌ പ്രവർത്തിച്ച ഇരുവരും ഒടുവിൽ സ്വന്തംസ്ഥാനം തെറിച്ചതോടെ നിരാശയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top