പൊന്നാനി
മത്സ്യമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും ലക്ഷക്കണക്കിന് ജനങ്ങൾ തൊഴിലെടുക്കുന്ന മേഖലയെ കോർപ്പറേറ്റുവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പൊന്നാനിയിൽ നടന്ന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ചെമ്മീൻ പീലിങ് തൊഴിലാളികൾക്ക് പ്രത്യേക ആരോഗ്യ പാക്കേജ് നടപ്പാക്കുക, മത്സ്യ മാർക്കറ്റുകൾ ജനസൗഹൃദമാക്കുക, കടൽഭിത്തി നിർമാണത്തിന് കേന്ദ്ര ഫണ്ട് അനുവദിക്കുക, പുതു പൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കംചെയ്യുക എന്നീ പ്രമേയങ്ങളും ജനറൽ കൗൺസിൽ അംഗീകരിച്ചു. ഇമ്പിച്ചിബാവ നഗറിൽ (പൊന്നാനി ബാവാസ് ഓഡിറ്റോറിയം) സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പുല്ലുവിള സ്റ്റാൻലി അധ്യക്ഷനായി. മാത്യൂസ് അഗസ്റ്റിൻ രക്തസാക്ഷി പ്രമേയവും കെ എം അലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ സഫറുള്ള പ്രവർത്തന റിപ്പോർട്ടും കെ കെ കലേശൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ചർച്ചക്ക് മറുപടി പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ വെട്ടുംപുറം, യു രാജുമോൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലീമുദ്ദീൻ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, എം എ ഹമീദ്, സുരേഷ് കാക്കനാത്ത്, ടി എം സിദ്ദിഖ്, വി ശൈലജ, എൻ കെ ഹുസൈൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ സി പി മുഹമ്മദ്കുഞ്ഞി സ്വാഗതവും ടി കെ ബഷീർ നന്ദിയും പറഞ്ഞു. ഒന്നരലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 198 പ്രതിനിധികൾ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുതകുന്ന പദ്ധതികൾക്ക് രൂപംനൽകിയാണ് ജനറൽ കൗൺസിൽ സമാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..