08 December Friday

തീമാടൻ പറഞ്ഞു; തീയിലല്ല, തിരിയിലാണ്‌ വെളിച്ചം

സ്വന്തം ലേഖകൻUpdated: Saturday Sep 23, 2023

കേരള സംഗീത നാടക അക്കാദമിയുടെ നാടകോത്സവത്തിൽ അരങ്ങേറിയ ‘തീമാടൻ’ നാടകത്തിൽനിന്ന്

 
 
കോട്ടക്കൽ
പോസ്‌റ്റ്മോർട്ടം ടേബിളിലെത്തിയ ‘ചത്തോൻ’ താൻ നടന്നുപോയ ജീവിതവഴികളിലെ ഓർമക്കുടുക്ക എറിഞ്ഞുടച്ചപ്പോൾ കൂടെയുണ്ടായിരുന്നവരും അകന്നുനിന്നവരും നിശ്ശബ്‌ദരായി. ഒപ്പം കാണികളും. മുഖംതന്നെ മുഖംമൂടിയാകുന്ന സത്യാനന്തര കാലത്ത് ജീവിതത്തെ മരണംകൊണ്ട് വിചാരണചെയ്യുകയായിരുന്നു സംഘം പയ്യന്നൂരിന്റെ ‘തീമാടൻ’. 
കേരള സംഗീത നാടക അക്കാദമിയുടെ നാടകോത്സവത്തിൽ സമാപനദിവസം അരങ്ങേറിയ ‘തീമാടൻ’ പ്രേക്ഷകരുടെയാകെ കൈയടി നേടി. മരണത്തെ കേന്ദ്രീകരിച്ചാണ് നാടകം വികസിക്കുന്നതെങ്കിലും അത് ഒരു പ്രതീകാത്മക സൂചകംമാത്രം. മാധ്യമങ്ങളും ഭരണകൂടവും ഉദ്യോഗസ്ഥ സംവിധാനവും പൊള്ളയായ ചർച്ചകളിലൂടെ സമൂഹത്തെ ആശയക്കുഴപ്പത്തിലേക്കും വിഭ്രാന്തിയിലേക്കും തള്ളിവിടുമ്പോൾ തീർപ്പുകൾ അവാസ്തവികതയുടെ അടിക്കുറിപ്പും ചരമക്കുറിപ്പുമായി മാറുന്നത് നാടകം വരച്ചിട്ടു. തീയിലല്ല, തിരിയിലാണ്‌ വെളിച്ചമെന്ന്‌ പറഞ്ഞുവച്ചാണ്‌ നാടകം സമാപിച്ചത്‌.
രാജ്മോഹൻ നീലേശ്വരം രചന നിർവഹിച്ച നാടകത്തിന്റെ സംവിധാനം വി ശശിയാണ്. ശബ്‌ദ –- വെളിച്ച നിയന്ത്രണം സുധീർ ബാബൂട്ടനും രംഗപടം ഭാസി വർണലയവും നിർവഹിച്ചു. മിനി രാധൻ, പ്രിയ ശ്രീജിത്ത്, കെ പി കൃഷ്‌ണൻ, പി അരവിന്ദാക്ഷൻ, ഇ പ്രകാശൻ, എൻ കെ അനീഷ്, കെ ബാബുകിഷോർ, ഗോവിന്ദരാജ് വെള്ളിക്കോത്ത്, കെ പി ശശികുമാർ, മോഹനൻ മടിക്കൈ എന്നിവരാണ്‌ വേഷമിട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top