ദേശീയപാതയ്‌ക്ക് ഭൂമി വിട്ടുനൽകിയതിന് ലഭിച്ച നഷ്ടപരിഹാരം സർവകലാശാലയുടെ ആവശ്യത്തിനുതന്നെ വിനിയോഗിക്കുമെന്ന് മാർച്ച് 4ന് മുഖ്യമന്ത്രി ഉറപ്പുനൽകി
ക്യാമ്പസിലെ ജലവിതരണം പുനഃസ്ഥാപിക്കാൻ 8.06 കോടി ഇതിനകം അനുവദിച്ചു
മലപ്പുറം
ദേശീയപാത വികസനത്തിനുവേണ്ടി കലിക്കറ്റ് സർവകലാശാല വിട്ടുനൽകിയ ഭൂമിക്ക് നഷ്ടപരിഹാരമായി ലഭിച്ച തുക സർവകലാശാലയുടെ വികസനത്തിനുതന്നെ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പുനൽകിയത്. മാർച്ച് നാലിന് സർവകലാശാലയിൽ നടത്തിയ പൊതു ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഇതു നിലനിൽക്കെയാണ് തെറ്റിദ്ധാരണ പരത്താൻ തുക വകമാറ്റിയെന്ന ആരോപണവുമായി എംഎസ്‌എഫിന്റെ വരവ്.
കലിക്കറ്റ് സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 250 കോടി രൂപ ചെലവിൽ ആരംഭിച്ച സംരംഭങ്ങളുടെ ഉദ്ഘാടനവും നിർമാണ പ്രവർത്തനങ്ങളുടെ കല്ലിടലും നിർവഹിച്ച് സംസാരിക്കവെയായിരുന്നു ക്യാമ്പസിലെ വിദ്യാർഥികളെയും അക്കാദമിക് സമൂഹത്തെയും സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ പ്രസംഗം. ഈ പ്രഖ്യാപനത്തെ സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചതും. ഇതു നിലനിൽക്കെയാണ് അഞ്ചുമാസംകഴിഞ്ഞ്, വിവരാവകാശ രേഖയുടെ മറവിൽ ‘തുക വകമാറ്റി’യതായി സെനറ്റ് അംഗങ്ങളായ എംഎസ്‌എഫ് നേതാക്കളുടെ ആരോപണം.
ദേശീയപാത വികസനത്തിനുവേണ്ടി 5.8827 ഹെക്ടർ ഭൂമിയാണ് സർവകലാശാലയിൽനിന്ന് ദേശീയപാത അതോറിറ്റി ഏറ്റെടുത്തത്. ഇതിന് ലഭിച്ച 94.40 കോടി രൂപ ട്രഷറിയിൽ പ്രത്യേക ഹെഡിലാണ് നിക്ഷേപിച്ചത്. ഇതിനെയാണ് വകമാറ്റലായി എംഎസ്‌എഫ് ചിത്രീകരിക്കുന്നത്. സർവകലാശാലയ്‌ക്ക് സർക്കാർ ഏറ്റെടുത്തുനൽകിയ ഭൂമിയാണ് ദേശീയപാത അതോറിറ്റിക്കായി കൈമാറിയത്. വ്യക്തിഗത ഗുണഭോക്താക്കളിൽനിന്ന് വ്യത്യസ്തമായി ഈ തുക സർക്കാർ നിർദേശിക്കുന്ന അക്കൗണ്ടിലേക്കേ മാറ്റാനാവൂ. ‘ഇത് സാങ്കേതികത്വംമാത്രമാണെന്നും ലഭിച്ച തുക സർവകലാശാലാ വികസനത്തിനുവേണ്ടിയാണ് ഉപയോഗിക്കുക’ എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞതും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർവകലാശാല 14 പദ്ധതികൾ തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തിനായി നൽകിയിട്ടുമുണ്ട്.
ട്രഷറിയിലുള്ള നഷ്ടപരിഹാരത്തുകയിൽനിന്ന് 8.06 കോടി രൂപ ഇതിനകം സർവകലാശാലയ്‌ക്ക് നൽകിയിട്ടുണ്ട്. ഇത് ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി തകരുന്ന, സർവകലാശാലയിലേക്കുള്ള ജലവിതരണ സംവിധാനം പുനഃസ്ഥാപിക്കാനായാണ് വിനിയോഗിക്കുന്നത്. ജല അതോറിറ്റിക്കാണ് ഇതിന്റെ നിർമാണച്ചുമതല. സർവകലാശാലയിൽനിന്ന് എംഎസ്‌എഫിന് ലഭിച്ച വിവരാവകാശ രേഖയിൽ മൂന്നാമത്തെ മറുപടിയായി ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും പുകമറ സൃഷ്‌ടിക്കാനാണ് എംഎസ്‌എഫിന്റെ ശ്രമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..