04 December Monday
കരിപ്പൂർ വിമാനത്താവള വികസനം

ഭൂരേഖകളുടെ ഒരുമിച്ചുള്ള കൈമാറ്റം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

അവധി ദിവസവും ജോലിക്കെത്തിയ എയർപോർട്ട്‌ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഓഫീസിലെ ജീവനക്കാർ

5 പേർ നഷ്ടപരിഹാരം 
കൈപ്പറ്റി

കരിപ്പൂർ
വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുനൽകുന്നവരുടെ രേഖകൾ ശനിയാഴ്ച ഒരുമിച്ച് കൈമാറും. നെടിയിരുപ്പ് പാലക്കാപറമ്പ് അങ്കണവാടിയിൽവച്ചാണ് രേഖകൾ കൈമാറുക. രാവിലെ 10ന്  ഉദ്യോഗസ്ഥർ രേഖകൾ സ്വീകരിക്കും. പള്ളിക്കൽ വില്ലേജിൽ എല്ലാ ഉടമകൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള വിലനിർണയം പൂർത്തിയായി. നെടിയിരുപ്പ് വില്ലേജിൽ ഭൂമിമാത്രമുള്ളവരുടെ നഷ്ടപരിഹാര തുകയും നിർണയിച്ചു. ഇതിനകം രേഖകൾ കൈമാറിയ 30 പേരിൽ  എട്ടുപേർക്കുള്ള നഷ്ടപരിഹാരത്തുകയായ 4.29 കോടി രൂപ ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ചു. അഞ്ചുപേർ നഷ്ടപരിഹാരം കൈപ്പറ്റി. 
നഷ്ടപരിഹാരം നൽകുന്നതിനായി 20 കോടി രൂപ സർക്കാർ ആദ്യ​ഗഡു അനുവദിച്ചിരുന്നു. അവശേഷിക്കുന്ന നഷ്ടപരിഹാര തുക  ഉടൻ അനുവദിക്കും. 
വിട്ടുനൽകുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ ഉയർന്ന നഷ്ടപരിഹാരം നൽകാനാണ് പദ്ധതി. ഏറ്റെടുക്കുന്ന ഭൂമിയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾക്ക് ഒരേ നഷ്ടപരിഹാരം ലഭിക്കും. ഭൂമിയേറ്റെടുക്കുമ്പോൾ ഇല്ലാതാകുന്ന വിമാനത്താവള ക്രോസ് റോഡിനു പകരം സംവിധാനമൊരുക്കും.  
ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായി.  ഭൂരേഖ കൈമാറുന്ന നടപടിയാണ്  അവശേഷിക്കുന്നത്.  നിലവിൽ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളുമില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.  ഏറ്റെടുത്ത ഭൂമിയുടെ ആധാരങ്ങളുടെ പരിശോധനയും നടക്കുന്നു.  ഭൂമിയുടെ ശരിയായ അവകാശികൾക്കുതന്നെയാണ് നഷ്ടപരിഹാരം ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തും. രേഖ സ്വീകരിക്കുന്ന നടപടി  ശനിയാഴ്ചയോടെ പൂർത്തിയാകും.
 

അവധിയില്ലാതെ 
ഭൂമി ഏറ്റെടുക്കൽ വിഭാഗം

കരിപ്പൂർ
വിമാനത്താവള വികസനത്തിനായി അടിയന്തരമായി ഭൂമി ഏറ്റെടുത്ത് നൽകാനുള്ള സർക്കാർ നിർദേശം നടപ്പാക്കുന്നതിനായി അവധി ദിവസവും ജോലിചെയ്ത് എയർപോർട്ട് ഭൂമി ഏറ്റെടുക്കൽ വിഭാ​ഗം ഓഫീസിലെ ജീവനക്കാർ. 
ഡെപ്യൂട്ടി കലക്ടർ പ്രേംലാൽ, തഹസിൽദാർ കിഷോർ കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ അഹമ്മദ്‌ സാജു, ശ്രീധരൻ അടക്കമുള്ള മുഴുവൻ ജീവനക്കാരും അവധി ദിവസമായ വെള്ളിയാഴ്ച ജോലിക്ക് ഹാജരായി.  മറ്റ്‌ ഓഫീസുകളിൽനിന്ന്‌ ജോലിക്രമീകരണ വ്യവസ്ഥയിൽ ഇവിടെ നിയമിതരായിട്ടുള്ളവരും ജോലിക്കെത്തി. ഭൂമി ഏറ്റെടുക്കൽ ജോലികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഒരു ഡെപ്യൂട്ടി തഹസിൽദാർ അടക്കം നാലുപേരെക്കൂടി ശനിയാഴ്ചമുതൽ ജോലിക്ക് നിയോഗിച്ചു. ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മേൽനോട്ടത്തിനും ഏകോപനത്തിനുമുള്ള പ്രത്യേക ചുമതല ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുണിനാണ്‌ സർക്കാർ നൽകിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top