ആദ്യദിനത്തെ സമാപനയോഗം താനൂർ ഹാർബറിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും
തിരൂർ
കടൽസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്രനയത്തിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന കടൽ സംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥമുള്ള കാൽനട ജാഥ ഞായറും തിങ്കളും ചൊവ്വയും ജില്ലയിൽ പര്യടനം നടത്തും.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന ജാഥ ഞായർ രാവിലെ ആനങ്ങാടിയിൽനിന്നാരംഭിച്ച് താനൂർ ഹാർബറിൽ സമാപിക്കും. സമാപനയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.
മന്ത്രി വി അബ്ദുറഹ്‌മാൻ, മുൻമന്ത്രി എസ് ശർമ്മ, കെ ടി ജലീൽ എംഎൽഎ എന്നിവർ പങ്കെടുക്കും. തിങ്കൾ രാവിലെ പുതിയ കടപ്പുറത്തുനിന്ന് ആരംഭിച്ച് കൂട്ടായിയിൽ സമാപിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, മന്ത്രി വി അബ്ദുറഹ്‌മാൻ എന്നിവർ പങ്കെടുക്കും. ചൊവ്വാഴ്‌ച കാട്ടിലെപള്ളിയിൽനിന്നാരംഭിച്ച് പുതിയതിരുത്തിയിൽ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂരിലേക്ക് പ്രവേശിക്കും. ജില്ലയിലെ സമാപന യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും.
എംഎൽഎമാരായ പി നന്ദകുമാർ, കെ ടി ജലീൽ എന്നിവർ പങ്കെടുക്കും. ഓരോ ദിവസത്തെ ജാഥയിലും 50 സ്ഥിരാംഗങ്ങൾക്കുപുറമേ 500ഓളം മത്സ്യതൊഴിലാളികൾ പങ്കെടുക്കും. കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 16നാണ് സംസ്ഥാനത്തെ തീരമേഖലയിൽ കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നത്.
ജില്ലയിലെത്തുന്ന ജാഥയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി, ജനറൽ സെക്രട്ടറി എ എ റഹീം, സി പി ഷുക്കൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..