01 July Tuesday
കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം

കൊലപാതകമെന്ന് സംശയം; 
അന്വേഷണം ഊർജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

അബ്ദുറഹിമാൻ

 
വേങ്ങര
മാട്ടിൽപള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു –-75)നെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹത്തിൽ പലയിടത്തായി പരിക്കുകളും ചില സാഹചര്യ തെളിവുകളും കാരണം കൊലപാതകമാകാമെന്ന നി​ഗമനത്തിലാണ് അന്വേഷകസംഘം. 
അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതായി വിവരമുണ്ട്. ചൊവ്വാഴ്ച രാവിലെ  ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേർന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. നാട്ടുകാരെത്തിയാണ് മൃതദേഹം കരക്ക് കയറ്റിയത്. മുങ്ങൽ വിദ​ഗ്ധരെത്തി നടത്തിയ പരിശോധനയില്‍ അബ്ദുറഹിമാന്റെ ഫോണ്‍ കണ്ടെടുത്തു. മലപ്പുറം ഡിവൈഎസ്‌പി അബ്ദുല്‍ ബഷീര്‍, വേങ്ങര എസ്എച്ച്ഒ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും
വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
സംഭവ ദിവസം അബ്ദുറഹിമാന്റെ വീട്ടിൽ കിടപ്പുരോഗിയായ ഭാര്യയും ഭിന്നശേഷിക്കാരനായ മകനും ഇയാളുടെ ഭാര്യയുംമാത്രമാണ് ഉണ്ടായിരുന്നത്. തലേന്ന് രാത്രി 9.30ഓടെ അബ്ദുറഹിമാന്‍ ഡ്രൈവറുമൊന്നിച്ച് വീട്ടിലേക്ക് പോകുന്നതായി കണ്ടെന്ന സാക്ഷിമൊഴികളുള്ളതായും സൂചനയുണ്ട്. കുളത്തിന്റെ പരിസരത്തേക്ക് പോകാന്‍ ഒരുതരത്തിലും സാധ്യതയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പുറത്തെടുത്തപ്പോൾ നാവ് കടിച്ചിരുന്നതായും പറയപ്പെടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top