08 December Friday

ഹോം ഷോപ്പില്‍ 
ഹാപ്പിയാണ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

ആഗസ്തില്‍ നടന്നത് 79.27 ലക്ഷം രൂപയുടെ വില്‍പ്പന

 
മലപ്പുറം
ചെറുകിട സംരംഭകർക്ക്‌ വിപണി ഒരുക്കുന്നതിനൊപ്പം ജില്ലയിലെ എണ്ണൂറിലധികം കുടുംബങ്ങളുടെ സ്വപ്നത്തിന് ചിറകുവിരിക്കുകയാണ് കുടുംബശ്രീ ഹോം ഷോപ്പുകള്‍. സംരംഭകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ഒരു പ്രദേശത്ത് വില്‍പ്പന നടത്തുന്നതാണ് ഹോം ഷോപ്പുകള്‍. ജില്ലയിലെ 823 ഹോം ഷോപ്പുകളിലൂടെ ആഗസ്തില്‍ 79.27 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. പെരിന്തൽമണ്ണ ബ്ലോക്കിനുകീഴില്‍ -‌‌‌32 ലക്ഷം, മങ്കട –12 ലക്ഷം, തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്‌ ബ്ലോക്കുകളിലായി 35.27 ലക്ഷം. 
ഒരുവർഷംമുമ്പ് കൊണ്ടോട്ടി, അരീക്കോട് ബ്ലോക്കുകളിലെ കുടുംബശ്രീ സിഡിഎസുകൾക്കുകീഴിലാണ്‌ പദ്ധതി ആരംഭിച്ചത്. 83 ഉൽപ്പാദന യൂണിറ്റുകളില്‍നിന്നാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. ഉൽപ്പാദന,- വിപണന രംഗങ്ങളിലായി നിലവില്‍ 1298 പേർ പദ്ധതിയുടെ ഭാഗമാണ്‌. ഏഴുപേരടങ്ങുന്ന മാനേജ്‌മെന്റ്‌ ടീം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 
കൊണ്ടോട്ടി, അരീക്കോട്‌, പെരിന്തൽമണ്ണ ബ്ലോക്കുകളിലാണ്‌ കൂടുതൽ ഹോം ഷോപ്പുകളുള്ളത്‌. മറ്റിടങ്ങളിലും ഉടൻ ആരംഭിക്കും. പ്രതിമാസം 19 ലക്ഷം രൂപയുടെ വിപണനമുള്ള പെരിന്തല്‍മണ്ണ ബ്ലോക്കില്‍ കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നരക്കോടിയുടെ വിൽപ്പന നടന്നു. അങ്ങാടിപ്പുറം സിഡിഎസിലെ സാജിതയാണ്‌ മികച്ച വില്‍പ്പന നടത്തുന്ന ഹോം ഷോപ്പ്‌ ഉടമ. 
ഹോം ഷോപ്പ് ഓണർ
കുടുംബശ്രീ സിഡിഎസുകൾവഴി അയൽക്കൂട്ടങ്ങളിൽനിന്ന്‌ അപേക്ഷിക്കുന്നവരെ അഭിമുഖത്തിലൂടെയാണ്‌ ഹോം ഷോപ്പ് ഓണർമാരായി തെരഞ്ഞെടുക്കുന്നത്. 200 വീടുകൾക്ക്‌ ഒരാളെന്നാണ് കണക്ക്. ഇവർക്ക് പരിശീലനം നല്‍കും. ബാഗ്‌, ഐഡി കാർഡ്, യൂണിഫോം എന്നിവ കുടുംബശ്രീ നൽകും. ഇവര്‍ക്കായി വിവിധ ക്ഷേമപദ്ധതികളുമുണ്ട്. ചികിത്സാ ധനസഹായം, മൂന്ന് മാസത്തിലൊരിക്കൽ ഭക്ഷ്യധാന്യ കിറ്റ്, "ശ്രീനിധി' സമ്പാദ്യ പദ്ധതി അംഗത്വം, മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. വാട്‌സ് ആപ്പ് കൂട്ടായ്‌മകളിലൂടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി ആവശ്യക്കാരിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഹോം ഷോപ്പ് ഓണര്‍മാര്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top