26 April Friday

ഇതാ, ഫുട്‌ബോൾ പ്രണയം വിമാനത്തിൽ കടത്തിയവർ

സ്വന്തം ലേഖകൻUpdated: Tuesday Nov 22, 2022

സൗദിയിലെ താമസസ്ഥലത്തു ലോകകപ്പ് ആരവങ്ങളുമായി കാളികാവ് സ്വദേശി റംഷീദും സുഹൃത്തുക്കളും

മലപ്പുറം

‘ഇവിടന്ന്‌ ഖത്തറിൽ പോയി കളികണ്ടു മടങ്ങാൻ ഏകദേശം 80,000 രൂപ ചെലവുവരും. അത്‌ പോട്ടേന്നു വയ്‌ക്കാം, കമ്പനീന്ന്‌ ലീവ്‌ കിട്ടാനാണ്‌ അതിലും വലിയ പാട്‌... നാട്ടിലെ ആവേശത്തിന്റെ അത്രേം ഇല്ലെങ്കിലും ഇവിടെ നമ്മളും ആഘോഷത്തിലാണ്‌... നാളെ നമ്മളെ നീലപ്പട ഇറങ്ങുമ്പോ ഇവിടേം പൊടിപാറും’ – ആവേശം അലതല്ലുന്ന ഈ വാക്കുകൾ അങ്ങ്‌ സൗദിയിൽനിന്ന്‌ കാളികാവ്‌ സ്വദേശി എടപ്പറ്റ റംഷീദിന്റേത്‌. 
കളിക്കമ്പം ഉള്ളിൽ കയറിയ കാലംമുതൽ കട്ട അർജന്റീന ഫാൻ. ഒർട്ടേഗയിലും ബാറ്റിസ്‌റ്റ്യൂട്ടയിലും തുടങ്ങിയ ഇഷ്‌ടം  റിക്വൽമി പടർന്ന്‌ മെസിയിലും ഡിപോളിലും ഡിമരിയയിലും എത്തിനിൽക്കുന്നു. ഇത്‌ ഒരാളുടെ കാര്യമല്ല, നാട്ടിൽനിന്ന്‌ തൊഴിൽതേടി വിമാനം കയറിയ ഒരുപാട്‌ മലപ്പുറത്തുകാരുണ്ട്‌ ഇങ്ങനെ. നാട്ടിൽ ആഘോഷപ്പെരുമ്പറ മുഴങ്ങുമ്പോൾ സൗദിയിലും അവർ ഒത്തുചേരുന്നു. മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ മത്സരം സംഘടിപ്പിച്ചും വിളംബര റാലിനടത്തിയും കളികണ്ടും ലോകകപ്പ്‌ കാലം അവിസ്‌മരണീയമാക്കുന്നു.
ആദ്യകളിയിൽ അർജന്റീനയ്‌ക്കൊപ്പമോ അതോ സൗദിക്കൊപ്പമോ... ചോദ്യത്തിന്‌ മുന്നിൽ റംഷിദിനും കൂട്ടർക്കും ലവലേശം സംശയമില്ല.  അർജന്റീനയ്‌ക്ക്‌ കൈയടിക്കും. കൊണ്ടോട്ടിക്കാരൻ അഫ്‌സലും തിരൂരിലെ റസാഖുമുണ്ട് ആ മുറിയിൽ ഒരുമിച്ചിരുന്ന്‌ കളികാണാൻ. മലയാളിക്കൂട്ടത്തിന്റെ ആഘോഷംകണ്ട്‌ അർജന്റീനയുടെ കടുത്ത ആരാധകനായി മാറിയ സൗദിക്കാരൻ ഐമനും മത്സരം കാണാൻ എത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top