19 April Friday

ഓർമയുടെ ഗ്യാലറിയിൽ നിശ്ശബ്‌ദം

സുധ സുന്ദരൻUpdated: Friday Oct 22, 2021

ഒളിമ്പിക്സ്‌ സ്വർണമെഡൽ ജേതാവ്‌ വീരേന്ദ്രസിങ്ങിനൊപ്പം കെ പി അൻവറും എം യു ഹനീഫയും

 
മലപ്പുറം 
ഇന്ത്യൻ ടീമിന്റെ ഭാഗമായത്‌, ഉത്തർപ്രദേശിലെ പരിശീലനം, കളിയാരവങ്ങൾ.  ജില്ലാ ബധിര സ്‌പോർട്‌സ്‌ കൗൺസിൽ സിൽവർ ജൂബിലി ആഘോഷവേദിയിലെത്തിയ അൻവറിന്റെയും ഹനീഫയുടെയും ഓർമയുടെ ഗ്യാലറിയിൽ വീണ്ടും തെളിഞ്ഞു നിറമുള്ള നിമിഷങ്ങൾ.  2011ൽ കൊറിയയിൽ നടന്ന ഏഷ്യാ പസഫിക്‌ ബധിര ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമംഗങ്ങളായിരുന്നു ഇരുവരും. 
കൂട്ടുകാരുമൊത്ത്‌ മൈതാനങ്ങൾ കീഴടക്കിയായിരുന്നു നിലമ്പൂർ സ്വദേശി കെ പി അൻവറി (42)ന്റെ തുടക്കം. ഒരിക്കൽ കളിക്കുന്നതിനിടെ ജില്ലാ ബധിര ഫുട്‌ബോൾ ടീമിനെ പരിചയപ്പെട്ടു. അവരിൽനിന്നാണ്‌ ജില്ലാ ബധിര സ്‌പോർട്‌സ്‌ കൗൺസിലിനെ കുറിച്ചറിയുന്നത്‌. അങ്ങനെ ടീമിന്റെ ഭാഗമായി. പിന്നീട്‌,  ദേശീയ–-അന്തർദേശീയ മത്സരങ്ങളിൽ കളിച്ചു. കൊല്ലത്ത്‌ സംസ്ഥാന ടൂർണമെന്റിന്റെ ക്യാപ്‌റ്റനായി. 2005ൽ ഒഡിഷയിൽ നടന്ന ബധിര മൂക ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ ബംഗാളിനെ തോൽപ്പിച്ച് കീരിടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 2011ൽ  ഇന്ത്യൻ ടീമിലും കളിച്ചു. എന്നാൽ, കളിക്കളത്തിലെ ആരവങ്ങൾ  ജീവിതത്തിന്‌ നിറംപകർന്നില്ല. നിലമ്പൂരിൽ തയ്യൽക്കട നടത്തിയാണ്‌ അൻവറിന്റെ  ജീവിതം.  
കുന്നംകുളം ബധിര സ്‌കൂളിലായിരുന്നു എടപ്പാൾ പന്താവൂർ സ്വദേശി എം യു ഹനീഫ (47)യുടെ പഠനം. അന്ന്‌ ഓട്ടമത്സരങ്ങളോടായിരുന്നു പ്രിയം. പിന്നീട്‌,  നീന്തൽ മത്സരങ്ങളിലും പങ്കെടുക്കാൻ തുടങ്ങി. പഠനകാലംമുതൽ ജില്ലാ ബധിര സ്‌പോർട്‌സ്‌ കൗൺസിലിന്റെ ഭാഗമായിരുന്നു. ജില്ലാ ടീമിന്റെ ഭാഗമായി ദേശീയ–-അന്തർദേശീയ മത്സരങ്ങളിൽ കളിച്ചു. സ്‌കൂൾ പഠനത്തിനുശേഷം ഐടിസിയിൽ വിദ്യാഭ്യാസം.  അക്കാലത്തും മത്സരങ്ങളിൽ സ്ഥിരസാന്നിധ്യം. 2014ൽ നീന്തൽ മത്സരത്തിൽ ദേശീയതലത്തിൽ രണ്ടാംസ്ഥാനവും നേടി. നേട്ടങ്ങൾ ഏറെയാണെങ്കിലും സർക്കാർ ജോലി ഇന്നും സ്വപ്നം.  പെയിന്റിങ് ജോലിയും കൂലിപ്പണിയുമാണ്‌ വരുമാനമാർഗം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top