29 March Friday
ഡീസൽ വിലയും നൂറു കടന്നു

ദുരിതം നൂറേ നൂറിൽ

സ്വന്തം ലേഖകൻUpdated: Friday Oct 22, 2021
 
മലപ്പുറം
പെട്രോളിന്‌ പിറകെ ഡീസൽ വിലയും ജില്ലയിൽ നൂറ്‌ കടന്നു. കോവിഡ്‌ മഹാമാരിയും മഴക്കെടുതിയും ദുരിതംവിതച്ച ജനങ്ങൾക്ക്‌ ഇരുട്ടടിയാകുകയാണ്‌ അടിക്കടിയുള്ള ഇന്ധന വിലക്കയറ്റം. മലപ്പറുത്ത്‌ 101. 24 രൂപയാണ്‌ ഒരു ലിറ്റർ ഡീസൽ വില. പെട്രോളിന്‌ 107.51. 
പെട്രോളിനെ അപേക്ഷിച്ച്‌ മുൻകാലങ്ങളിൽ ഡീസലിന്‌ വില കുറവായിരുന്നു. എന്നാൽ, ഇന്ധന വിലനിർണയാധികാരം എണ്ണക്കമ്പനികൾക്ക്‌ നൽകിയതോടെ അന്തരം കുറഞ്ഞു. 30–-40 രൂപ വ്യത്യാസമുണ്ടായിരുന്നത്‌ പത്ത്‌ രൂപയിൽ താഴെയായി കുറഞ്ഞു.  
ഡീസൽ വിലവർധന വിപണിയിൽ പ്രതിഫലിച്ചുതുടങ്ങി. അവശ്യസാധന വില കുതിച്ചുയരുകയാണ്‌. പച്ചക്കറിവില കുത്തനെ കൂടി. നിർമാണമേഖല വിലക്കയറ്റത്താൽ പൊറുതിമുട്ടുകയാണ്‌. ചരക്ക്‌ലോറികളെ ഡീസൽ വിലവർധന പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വരുംദിവസങ്ങളിലും അവശ്യസാധന വില കൂടാനാണ്‌ സാധ്യത. 
ബസുകൾ ഉൾപ്പെടെ പൊതുഗതാഗതവും പ്രതിസന്ധിയിലാണ്‌. കോവിഡ്‌ പ്രതിസന്ധിയിൽ അതിജീവനത്തിന്‌ പാടുപെടുന്ന ബസ്‌ ഉടമകളുടെ നട്ടെല്ലൊടിക്കുന്നതാണ്‌ ഡീസൽ വിലവർധന. ഓട്ടോ–-ടാക്‌സി സർവീസും  പ്രതിസന്ധിയിലാണ്‌. മത്സ്യബന്ധന മേഖലയിലും ദുരിതകാലമാണ്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top