06 July Sunday

അവഗണനയ്‌ക്കെതിരെ പ്രതിഷേധം ആളുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

വന്ദേഭാരത്‌ ട്രെയിനിന്‌ തിരൂരിൽ സ്‌റ്റോപ്പ്‌ അനുവദിക്കാത്തതിനെതിരെ സിപിഐ എം നടത്തിയ റെയിൽവേ സ്‌റ്റേഷൻ മാർച്ച്‌ തിരൂർ ഏരിയാ സെക്രട്ടറി 
അഡ്വ. പി ഹംസക്കുട്ടി ഉദ്‌ഘാടനംചെയ്യുന്നു

 

റെയിൽവേ 
സ്‌റ്റേഷനുകളിലേക്ക്‌ 
സിപിഐ എം  മാർച്ച്‌ നടത്തി

 
മലപ്പുറം
ജില്ലയോടുള്ള റെയിൽവേയുടെ നിരന്തര അവഗണനയ്‌ക്കെതിരെ പ്രതിഷേധം ആളുന്നു. സിപിഐ എം നേതൃത്വത്തിൽ വിവിധ റെയിൽവേ സ്‌റ്റേഷനുകളിലേക്ക്‌ ബഹുജന മാർച്ചും ധർണയും നടത്തി. ഒന്നാം വന്ദേഭാരതിനെപ്പോലെ രണ്ടാമത്തെ വന്ദേഭാരതിനും തിരൂരിൽ സ്‌റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌. കോഴിക്കോട്‌–- ഷൊർണൂർ പാതയിൽ തിരൂർ, കുറ്റിപ്പുറം സ്‌റ്റേഷനുകളിലേക്കും ഷൊർണൂർ–- നിലമ്പൂർ പാതയിൽ നിലമ്പൂർ, അങ്ങാടിപ്പുറം എന്നിവിടങ്ങളിലേക്കുമായിരുന്നു ബഹുജന മാർച്ച്‌.  
തിരൂർ താഴെപ്പാലം എസ്ബിഐക്കുമുമ്പിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ സ്‌റ്റേഷനുമുന്നിൽ സമാപിച്ചു. ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി ഉദ്ഘാടനംചെയ്തു. എം ബഷീർ അധ്യക്ഷനായി. അഡ്വ. എസ് ഗിരീഷ്, എം ആസാദ് തിരൂർ എന്നിവർ സംസാരിച്ചു. 
 കുറ്റിപ്പുറത്ത്‌ വളാഞ്ചേരി  ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനംചെയ്തു. സി കെ ജയകുമാർ, സി വേലായുധൻ, ടി പി ജംഷീർ എന്നിവർ സംസാരിച്ചു. 
നിലമ്പൂരിൽ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ ഉദ്ഘാടനംചെയ്തു. മാട്ടുമ്മൽ സലിം അധ്യക്ഷനായി. ജോർജ്‌ കെ ആ​ന്റണി, കെ റഹീം, ടി ഹരിദാസൻ, സി എച്ച് ഷാജഹാൻ എന്നിവർ സംസാരിച്ചു. അങ്ങാടിപ്പുറത്ത് പ്രകടനത്തിന്  എ ഹരി, എം കെ ശ്രീധരൻ, പി അബ്ദുസമദ്, സി സജി, എ ബഷീർ എന്നിവർ നേതൃത്വം നൽകി. പരപ്പനങ്ങാടിയിൽ വെള്ളി വൈകിട്ട്‌ മാർച്ച്‌ നടത്തും.
 

റെയിൽവേയുടേത്‌  
നീതികേട്‌: സിപിഐ എം

മലപ്പുറം
രണ്ടാം വന്ദേഭാരത്‌ എക്സ്‌പ്രസിനും മലപ്പുറം ജില്ലയിൽ സ്‌റ്റോപ്പ്‌ അനുവദിക്കാത്തത്‌ നീതികേടാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌. ജില്ലയോടുള്ള കേന്ദ്ര അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്‌. ഈ നെറികെട്ട സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. ഒന്നാം വന്ദേഭാരത്‌ അനുവദിച്ചപ്പോൾ ആദ്യപട്ടികയിൽ തിരൂർ റെയിൽവേ സ്‌റ്റേഷൻ ഉണ്ടായിരുന്നു. എന്നാൽ ഏപ്രിൽ 25ന്‌ ട്രെയിൻ സർവീസ്‌ തുടങ്ങിയപ്പോൾ തിരൂരിനെ ഒഴിവാക്കി. അന്ന്‌ അതിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ നാട്ടിലെങ്ങും ഉയർന്നത്‌. ജില്ലയിലെ ഏഴ് സ്‌റ്റേഷനുകളിലേക്ക്‌ സിപിഐ എം മാർച്ച് നടത്തി. ഇത്രയും ശക്തമായ ജനവികാരം ഉയർന്നിട്ടും മലപ്പുറത്തിനെ പരിഗണിക്കില്ല എന്ന നിലപാട്‌ ആവർത്തിക്കുകയാണ്‌ കേന്ദ്രസർക്കാർ. ഒന്നാം വന്ദേഭാരത്‌ ട്രയൽ റൺ തിരൂരിൽ എത്തിയപ്പോൾ പുഷ്‌പവൃഷ്ടി നടത്തിയും മധുരപലഹാരം വിതരണംചെയ്‌തും ആഘോഷിച്ചവരാണ്‌ ജില്ലയിലെ ബിജെപി നേതൃത്വം. വീണ്ടും അവർ ജനങ്ങളെ വഞ്ചിക്കുകയാണ്‌. 
മലബാറിലെ പ്രധാന റെയിൽവേ സ്‌റ്റേഷനാണ്‌ തിരൂർ. പക്ഷേ 23 ദീർഘദൂര ട്രെയിനുകൾ നിർത്തുന്നില്ല. ദൂരപരിധി, യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവയിലൊന്നും ഒട്ടും പിറകിൽ അല്ല തിരൂർ. എന്നിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ ഇടപെടേണ്ട കോൺഗ്രസ്‌ അഖിലേന്ത്യാ നേതാവായ രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എംപിമാരുടെ നിസ്സംഗതയ്‌ക്കെതിരെയും പ്രതിഷേധമുയരണം –- സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top