മലപ്പുറം
ജില്ലയിൽ കൊതുകുജന്യരോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ജനം ജാഗ്രതപുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഡെങ്കിപ്പനിമൂലം ഏപ്രിലിൽ കുഴിമണ്ണ പഞ്ചായത്തിലും ജൂണിൽ കാവനൂർ പഞ്ചായത്തിലും ഓരോ മരണം സംഭവിച്ചിട്ടുണ്ട്. 2023 മെയ് മുതൽ ജില്ലയിൽ 1066 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 1533 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് വണ്ടൂർ, മേലാറ്റൂർ ആരോഗ്യ ബ്ലോക്കുകളിലാണ്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് പരിശോധനയിൽ താനൂർ, തിരൂർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭാ പ്രദേശങ്ങളിൽ കൊതുകിന്റെ സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. കൊതുകുജന്യരോഗങ്ങൾ തടയാൻ വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ചകളിൽ ഓഫീസ് സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇവ ശ്രദ്ധിക്കാം
കൊതുക് പെറ്റുപെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കണം
കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയണം
ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിന് പിറകിലുള്ള ട്രേ തുടങ്ങിയവയിലെ വെള്ളം നീക്കംചെയ്യണം.
റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളയണം
ഡ്രൈ ഡേ ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും വീടുകളിലും നടത്തണം.
സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള വേസ്റ്റ് പൈപ്പിന്റെ അറ്റം കൊതുകുവല ഉപയോഗിച്ച് മൂടണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..