26 April Friday
എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. 
എം എം നാരായണന്റെ ഓര്‍മകളിലൂടെ...

സമരതീക്ഷ്ണമായ ആ കാലം

പി എ സജീഷ്‌Updated: Sunday May 22, 2022

എം എം നാരായണൻ

പൊന്നാനി 

സമരതീക്ഷ്ണമായ ക്യാമ്പസ് ഓർമകൾ പങ്കുവയ്ക്കുമ്പോൾ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന വൈസ് പ്രസിഡന്റും നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പ്രൊഫ. എം എം നാരായണന്റെ മനസിൽ നിറയുന്നത്‌ അന്ന്‌ കോളേജുകൾ അടക്കി ഭരിച്ച കെഎസ് യുവിന്റെ ഗുണ്ടാവിളയാട്ടങ്ങളാണ്‌.
പട്ടാമ്പി ഗവ. കോളേജിൽ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന സെയ്താലിയെ കെഎസ് യു-–- എബിവിപി പ്രവർത്തകർ അരിഞ്ഞ് തള്ളുമ്പോൾ അതേ കോളേജിൽ അവസാനവർഷ എംഎ വിദ്യാർഥിയായിരുന്നു അദ്ദേഹം. സെയ്താലിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടത്തിയ വാഹന പ്രചാരണ ജാഥയിലാണ് എസ്എഫ്ഐ നേതാവെന്ന നിലയിൽ അവസാനമായി പങ്കെടുത്തതും. 68ൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ പ്രീഡിഗ്രി കാലത്താണ്‌ എം എം നാരായണൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കുയരുന്നത്‌. കെഎസ് യുവിന്റെ ആധിപത്യമായിരുന്നു കോളേജിൽ. പരാജയം ഉറപ്പാണെന്നറിഞ്ഞിട്ടും  കെഎസ്എഫ് പ്രവർത്തകർ യൂണിയൻ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ മത്സരിച്ചു. പങ്കെടുത്ത ആദ്യ സമ്മേളനത്തിൽ കെഎസ്എഫ് ഒറ്റപ്പാലം താലൂക്ക് സെക്രട്ടറിയായി. പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രസിഡന്റായി. 70ൽ  എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 
പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്നെങ്കിലും വിദ്യാർഥി സംഘടനാ രംഗത്ത് കെഎസ് യുവിനായിരുന്നു മേൽക്കൈ.  ഇ എം എസ് സർക്കാരിന്റെ  വിദ്യാഭ്യാസ നയങ്ങളെ ഉയർത്തിപ്പിടിച്ചും അവകാശസമരങ്ങൾക്ക് നേതൃത്വം നൽകിയും എസ്എഫ്ഐ ചുവടുറപ്പിക്കുമ്പോൾ ആക്രമണങ്ങളെയാണ് കെഎസ് യു കൂട്ടുപിടിച്ചത്.  
73ൽ പട്ടാമ്പി കോളേജിൽ  കെഎസ് യു നേതൃത്വത്തിലുള്ള യൂണിയൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ആഭ്യന്തരമന്ത്രി കെ കരുണാകരനെ തടയാൻ എസ്എഫ്ഐ തീരുമാനിച്ചു. കരുണാകരനെ തടഞ്ഞാൽ  വെടിവയ്പിനുപോലും സാധ്യതയുണ്ടെന്ന പ്രചാരണവും ശക്തമായി. എന്നാൽ, പിൻമാറാതെ സമരത്തിൽ പങ്കെടുത്തതും  അറസ്റ്റ് വരിച്ചതും ഇന്നും ജ്വലിക്കുന്ന ഓർമ.  ചിറ്റൂർ തത്തമംഗലം ഹൈസ്കൂളിൽ എസ്എഫ്ഐ കൊടി കെഎസ് യു പ്രവർത്തകർ കത്തിച്ചതിനെതിരെ നടത്തിയ പ്രതിഷേധത്തിൽ കർഷകത്തൊഴിലാളികൾ പണിമുടക്കി പങ്കെടുത്തതും തിളങ്ങുന്ന ഓർമയായുണ്ട്‌. 
പ്രചോദനമായത് 
പഠന ക്യാമ്പ്
തൃശൂർ ഒളരിക്കരയിൽ 68ൽ നടന്ന കെഎസ്എഫ് പഠന ക്യാമ്പ് മറക്കാൻ കഴിയില്ലെന്നും
സംഘടനയിൽ സജീവമാകൻ പ്രചോദനമായത്‌ ഈ ക്യാമ്പാണെന്നും പ്രൊഫ. എം എം നാരായണൻ പറയുന്നു. ഇ എം എസ് ഉദ്ഘാടനംചെയ്യുമെന്ന് പ്രതീക്ഷിച്ചാണ് ക്യാമ്പിലെത്തിയത്. എന്നാൽ, എ കെ ജിയായിരുന്നു ഉദ്ഘാടനംചെയ്തത്.  മാർക്സിസത്തിലേക്ക് ആഴ്‌ന്നിറങ്ങാൻ ക്യാമ്പ്‌ സഹായിച്ചു.   
അഴീക്കോടൻ 
രാഘവന്റെ കത്ത്
പാലക്കാട് എ കെ ജി മത്സരിച്ച പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വിദ്യാർഥികളുടെ സഹായം അഭ്യർഥിച്ച് എസ്എഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്റായ തനിക്ക്‌ അഴീക്കോടൻ രാഘവൻ കത്തയച്ചത് മായാത്ത ഓർമയായുണ്ട്‌ അദ്ദേഹത്തിന്റെ  മനസിൽ.
 
പൂർവകാല നേതൃസംഗമം ഇന്ന്‌
പെരിന്തൽമണ്ണ
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പൂർവകാല നേതൃസംഗമം ഞായർ പകൽ മൂന്നിന്‌ പെരിന്തൽമണ്ണ പിടിഎം കോളേജിൽ. എസ്എഫ്ഐ രൂപീകരണകാലംമുതൽ സംഘടനയിൽ പ്രവർത്തിച്ച നേതാക്കൾ പങ്കെടുക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top