27 April Saturday
ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌

പ്രഖ്യാപനമല്ല, 
പദ്ധതിയെവിടെ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
 
മലപ്പുറം
ഹാപ്പി മിൽക്കും പ്രവാസികൾക്ക്‌ വ്യവസായ എസ്‌റ്റേറ്റും ഉൾപ്പെടെ കഴിഞ്ഞവർഷത്തെ പ്രഖ്യാപനങ്ങളേറെയും നടപ്പാക്കാതെയാണ്‌ ജില്ലാ പഞ്ചായത്തിന്റെ പുതിയ ബജറ്റ്‌. അന്താരാഷ്‌ട്ര സ്‌പോർട്‌സ്‌ അക്കാദമി, വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരകം തുടങ്ങി കഴിഞ്ഞ ബജറ്റുകളിൽ ഉൾപ്പെട്ടിട്ടും നടക്കാതെ പോയവ. 
ജില്ലയുടെ വികസനത്തിന്‌ മുതൽക്കൂട്ടാവുന്ന പദ്ധതികളൊന്നും ബജറ്റിൽ ഇല്ലെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ അഡ്വ. പി പി മോഹൻദാസ്‌ പറഞ്ഞു. കൈയടി നേടാൻ ബജറ്റ്‌ പ്രഖ്യാപനം നടത്തുന്ന പതിവുരീതിയാണ്‌ ഇത്തവണയും. വ്യവസായരംഗത്തെ കുതിപ്പിന്‌ അനുകൂലമായ സാഹചര്യം ജില്ലയിലുണ്ട്‌. അതിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ അവതരിപ്പിക്കാനായില്ല. 
യുവജനങ്ങൾക്ക്‌ ജോലി ലഭ്യമാക്കാൻ ഉതകുന്നവയും ഇല്ല. മലയോര, തീരദേശ മേഖലകളിൽ അനന്തമായ ടൂറിസം സധ്യതകൾ ജില്ലയ്‌ക്കുണ്ട്‌. അത്‌ പ്രോത്സാഹിപ്പിക്കാനും അതുവഴി ആളുകൾക്ക്‌ തൊഴിൽ ലഭ്യമാക്കാനും പദ്ധതി ആവിഷ്‌കരിച്ചില്ല. തീരദേശത്തെ പാടെ അവഗണിച്ചു. മത്സ്യ തൊഴിലാളികളെ സഹായിക്കുന്ന ഒരുപദ്ധതിയും ജില്ലാ പഞ്ചായത്ത്‌ ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞതവണ പ്രഖ്യാപിച്ചിട്ടും നടക്കാതെപോയ സി എച്ച്‌ മെമ്മോറിയൽ ലൈബ്രറി ഇത്തവണ ബജറ്റിൽ ഉൾപ്പെടുകപോലും ചെയ്‌തില്ലെന്ന്‌ നഗരസഭാംഗം ഇ അഫ്‌സൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്കും പഴയ ജനപ്രതിനിധികൾക്കും ഇൻഷുറൻസ്‌ നൽകുമെന്നാണ്‌ ഇത്തവണ പറയുന്നത്‌. കഴിഞ്ഞതവണ ആംബുലൻസ്‌ ഡ്രൈവർമാർക്കായി പ്രഖ്യാപിച്ച ഇൻഷുറൻസ്‌ പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണെന്നും അഫ്‌സൽ പറഞ്ഞു.
 
ബജറ്റ്‌ അവതരിപ്പിച്ചു
മലപ്പുറം
ജില്ലാ പഞ്ചായത്ത്  ബജറ്റ്‌ വൈസ് പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം അവതരിപ്പിച്ചു. 232,26,23,528 രൂപ വരവും 228,57,35,000 രൂപ ചെലവും 3,68,88,528 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണത്തിന് 20 കോടി, ആരോഗ്യ പദ്ധതിക്ക്‌ 15 കോടി, ഭിന്നശേഷിസൗഹൃദ ജില്ലക്ക്‌ 10 കോടി, ബാലസൗഹൃദമാക്കുന്നതിന് 50 ലക്ഷം, റോഡ്‌ പുനരുദ്ധാരണത്തിന് 10 കോടി, വനിതാശാക്തീകരണത്തിന് 10 കോടി, ഉൽപ്പാദന മേഖലക്ക്‌ 16 കോടി, ആതവനാട് കോഴിവളർത്തൽ കേന്ദ്രത്തിന് 1.5 കോടി, മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്തൽ 2.25 കോടി, കുടിവെള്ള വിതരണ പദ്ധതിക്ക്‌ ആറ് കോടി രൂപ എന്നിങ്ങനെയാണ്‌ പ്രധാന പ്രഖ്യാപനങ്ങൾ. ലൈഫിന്‌ ഭൂമി ഏറ്റെടുക്കൽ, ഫുട്‌ബോൾ അക്കാദമി, ഫിസിക്കൽ ലിറ്ററസി മിഷൻ, പ്രവാസി പുനരധിവാസ പദ്ധതി, വയോജനക്ഷേമം തുടങ്ങിയവയും ബജറ്റിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top