20 April Saturday

മഠത്തിക്കാട്ടിലെ പത്തായപ്പെട്ടിക്കുമുണ്ട്‌ എ കെ ജി സ്‌മരണകൾ

പി എ സജീഷ്‌Updated: Wednesday Mar 22, 2023
 
പൊന്നാനി
ഇന്ത്യ–-പാക്‌ വിഭജന കാലം, അന്ന്‌ പാകിസ്ഥാൻ പാസ്‌പോർട്ടുമായി നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയ മുഹമ്മദലിയെ മഠത്തിക്കാട്ടിൽ തറവാട്ടിൽ തിരിച്ചെത്തിക്കാൻ മുന്നിൽനിന്ന ഒരു നേതാവുണ്ട്‌–- പേര്‌ എ കെ ജി. ആ ഓർമകൾ ഇന്നും മായാതെയുണ്ട്‌ മാറഞ്ചേരിക്കും മഠത്തിക്കാട്ടിൽ തറവാടിനും.
പതിനെട്ടാം വയസിൽ ജോലി തേടിയാണ് മാറഞ്ചേരി പരിച്ചകത്തെ മുഹമ്മദലി കറാച്ചിയിലെത്തുന്നത്. പാകിസ്ഥാൻ പാസ്‌പോർട്ടുമായി അരാംകോ കമ്പനിയിൽ ജോലിക്ക്‌ സൗദിയിലേക്ക്‌. തിരികെ നാട്ടിലേക്ക്‌ മടങ്ങാൻ കഴിയാത്ത അവസ്ഥ. നാട്ടിലെത്തണമെന്ന ആഗ്രഹവുമായി മുഹമ്മദലി വീട്ടുകാർക്ക് നിരന്തരം കത്തെഴുതി, അഞ്ചുവർഷത്തോളം ഓഫീസുകൾ കയറിയിറങ്ങി. ഫലമില്ലാതെ വന്നതോടെ മുഹമ്മദലിയുടെ ജ്യേഷ്ഠൻ ബാപ്പുട്ടി ഇമ്പിച്ചിബാവയെ കണ്ടു. അദ്ദേഹമാണ്‌ വിവരം എ കെ ജിയെ അറിയിക്കുന്നത്‌. 
പാർലമെന്റ്‌ അംഗമായിരുന്ന എ കെ ജി മഠത്തിക്കാട്ടിൽ തറവാട്ടിൽ നേരിട്ടെത്തി ഒരുദിവസം താമസിച്ചു. തറവാട്ടിലെ പത്തായപ്പെട്ടിയുടെ മുകളിൽ കിടക്കയിട്ടാണ്‌ എ കെ ജി രാത്രി കിടന്നതെന്ന് ബാപ്പ പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ടെന്ന് ബാപ്പുട്ടിയുടെ മകൻ മൻസൂറലി പറഞ്ഞു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ പത്തായപ്പെട്ടി നിധിപോലെ സൂക്ഷിക്കുന്നു. വിദേശമന്ത്രാലയവുമായി എ കെ ജി നടത്തിയ നിരന്തരമായ ഇടപെടലാണ്‌ ഫലംകണ്ടത്‌. 
ഗുരുവായൂർ സത്യഗ്രഹ കാലത്ത് മാറഞ്ചേരിയിലെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി എ കെ ജി ചുമതലപ്പെടുത്തിയത് പറയരിക്കൽ കൃഷ്ണപ്പണിക്കരെയായിരുന്നു. സത്യഗ്രഹ വളന്റിയർമാർ പോയിരുന്നത് കുണ്ടുകടവിൽനിന്ന്‌ തോണി കടന്ന് മാറഞ്ചേരി വഴി. കൃഷ്ണപ്പണിക്കരുടെ അഭ്യർഥനയെ തുടർന്ന് എ കെ ജി നടത്തിയ പ്രസംഗമാണ് മാറഞ്ചേരിയിൽ ആതുരാലയത്തിന്‌ തുടക്കമിട്ടത്‌. പയ്യപ്പുള്ളി ബാപ്പു സാഹിബിന്റെ നേതൃത്വത്തിലാണ്‌ ആരോഗ്യകേന്ദ്രം തുടങ്ങിയത്. ഇന്നത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ്‌ പ്രവർത്തിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top