19 April Friday

സർവീസ്‌ വെട്ടിക്കുറച്ച എയർ ഇന്ത്യ 
നടപടി പ്രതിഷേധാർഹം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
മലപ്പുറം
യുഎഇ സെക്ടറിൽനിന്ന്‌ കേരളത്തിലേക്കുള്ള 14 സർവീസ്‌ വെട്ടിക്കുറച്ച എയർ ഇന്ത്യ തീരുമാനം പിൻവലിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ദുബായ്‌ –- കരിപ്പൂർ, ഷാർജ – -കരിപ്പൂർ സർവീസുകൾ പൂർണമായി നിർത്തിയത്‌ മലബാറിൽനിന്നുള്ള പ്രവാസികൾക്ക്‌ പ്രതിസന്ധിയാവും. 
സാധാരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന സർവീസുകളാണ്‌ ഇവ. സ്വകാര്യവൽക്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണിതെന്നാണ്‌ വ്യക്തമാകുന്നത്‌. 
കേരളത്തിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താനും ഇടപെടാനും ജില്ലയിൽനിന്നുള്ള എംപിമാർ തയ്യാറാകണം. രാഹുൽഗാന്ധി ഉൾപ്പെടെ ജില്ലയിൽനിന്നുള്ള നാല്‌ എംപിമാരും പ്രശ്‌നത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. ജില്ലയുടെ നട്ടെല്ലായ പ്രവാസികളെയാണ്‌ എയർ ഇന്ത്യയുടെ ഈ തീരുമാനം ബാധിക്കുക. സേവനം നിലയ്‌ക്കുന്നതോടെ പ്രവാസികൾക്ക് ഭക്ഷണം –-കാർഗോ സൗകര്യങ്ങൾ നഷ്ടമാകും. 
ബിസിനസ്‌ ക്ലാസ് യാത്രയും ഇല്ലാതാകും. അവധിക്കാലത്തുൾപ്പെടെ ദുബായ്‌, ഷാർജ, കരിപ്പൂർ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന ഈ സർവീസുകൾ  നിർത്തിവയ്‌ക്കുന്നത്‌ യാത്രാദുരിതം ഇരട്ടിയാക്കും. ഈ സെക്ടറിൽ സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികളുടെ കൊള്ളയ്‌ക്കും യാത്രക്കാർ ഇരയാകും. ഇത്തരമൊരു സാഹചര്യത്തിൽ തീരുമാനം പിൻവലിക്കാൻ എയർ ഇന്ത്യ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പറഞ്ഞു. 
കത്ത്‌ നൽകി
മലപ്പുറം 
യുഎഇ സെക്ടറിൽനിന്ന്‌ കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച എയർ ഇന്ത്യ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ മുഖ്യമന്ത്രി പിണറായി വിജയനും രാജ്യസഭയിലെ സിപിഐ എം കക്ഷി നേതാവ്‌ എളമരം കരീം എംപിക്കും കത്ത്‌ നൽകി. 
എയർ ഇന്ത്യയുടെ തീരുമാനം മലബാറിലെ പ്രവാസികളെ ഏറെ ദോഷകരമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top