25 April Thursday

കലിക്കറ്റിൽ യുജി–പിജി സീറ്റ്‌ കൂട്ടും

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021

തേഞ്ഞിപ്പലം
സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ–- - ബിരുദാനന്തര കോഴ്സുകളുടെ സീറ്റ്‌ വർധിപ്പിക്കാൻ കലിക്കറ്റ്‌ സർവകലാശാലാ സിൻഡിക്കറ്റ്‌ തീരുമാനം. നിയമപരമായ പരിധിയിൽ  സൗകര്യങ്ങൾക്കനുസരിച്ച് കോളേജുകളുടെ ആവശ്യപ്രകാരമാകുമിത്‌.
കഴിഞ്ഞവർഷം ആരംഭിച്ച കോളേജുകൾക്കും സീറ്റ്‌ കൂട്ടുന്നത്‌ ബാധകം. കോളേജുകളിലെ മെറിറ്റ്  സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിൽ‌ വിശദീകരണം തേടും.  കഴിഞ്ഞ രണ്ടുവർഷത്തെ കണക്കെടുക്കും. മെറിറ്റ് സീറ്റ് ഒഴിച്ചിട്ട്‌ മാനേജ്മെന്റ്‌ ക്വോട്ട നികത്തുന്നത്‌  ശ്രദ്ധയിൽപ്പെട്ടതിനാലാണ്‌‌ തീരുമാനം. താൽക്കാലികമായി നിർത്തിയ കോഴ്സുകൾ വീണ്ടും തുടങ്ങാൻ ജില്ലാതല പരിശോധന കമ്മിറ്റിയുടെ ശുപാർശ വേണമെന്ന നിബന്ധന കൊണ്ടുവരും.
പരീക്ഷാഭവനിൽ 25 മുതൽ ഫീസ് അടയ്ക്കാൻ കൗണ്ടർ തുടങ്ങും. നിലവിൽ ടാഗോർ നികേതനിൽമാത്രമാണ് കൗണ്ടറുള്ളത്. ഡിജിറ്റല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് കേന്ദ്രം ‘സുവേഗ’ ഒന്നുമുതൽ പൂര്‍ണരീതിയില്‍ പ്രവര്‍ത്തിക്കും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.
സർവകലാശാലാ  ലൈബ്രറിയില്‍ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങാൻ  നെറ്റ്‌വര്‍ക്ക്  സ്ഥാപിക്കൽ വേഗത്തിലാക്കും. ലേഡീസ് ഹോസ്റ്റൽ അനക്‌സ് കെട്ടിടത്തിലെ മൂന്നു നിലകളിലും കൂടുതല്‍ ശുചിമുറികള്‍ ഒരുക്കാൻ 65.8 ലക്ഷം രൂപ അനുവദിച്ചു. ചോദ്യക്കടലാസ് തയ്യാറാക്കൽ വേഗത്തിലാക്കാൻ പരീക്ഷാഭവനില്‍ പുതിയ സെക്ഷന്‍ തുടങ്ങും.
വിദേശ പൗരത്വ പരാതിയില്‍ ലൈഫ്‌സയന്‍സ് പഠനവകുപ്പിലെ അധ്യാപകൻ ഡോ. ജി രാധാകൃഷ്ണപിള്ളക്ക് ചാര്‍ജ് മെമ്മോ നല്‍കും. തോറ്റ വിദ്യാർഥിക്ക് കായിക വിഭാഗത്തിലെ  ബിപിഎഡ് കോഴ്സിൽ  പ്രവേശനം നൽകിയതിൽ അന്വേഷണശേഷം നടപടിയെടുക്കാൻ വൈസ്‌ ചാൻസലറെ ചുമതലപ്പെടുത്തി. യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top