24 April Wednesday

മഴ കനത്തു: മലയോരത്ത്‌ 
ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

നാടുകാണി ചുരംവഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ സംസ്ഥാന അതിർത്തിയായ വഴിക്കടവ് ആനമറിയിൽ 
വാഹനം തടഞ്ഞിട്ടിരിക്കുന്നു

എടക്കര
മഴ കനത്തതോടെ മലയോര മേഖലയിൽ കനത്ത ജാഗ്രതാ നിർദേശം.      ബുധനാഴ്ച വൈകിട്ടോടെയാണ്‌ ശക്തമായ മഴയും കാറ്റും ഇടിമിന്നലും മലയോരത്ത്‌ ഭീതി പടർത്തിയത്‌. ഇതോടെ മണ്ണിടിച്ചിൽ ഭീഷണിയുള്ള നാടുകാണി ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു.  
രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ്‌ നിരോധനം. വഴിക്കടവ് ആനമറിയിൽ വാഹനങ്ങൾ തടഞ്ഞിട്ടു. ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങൾ കടത്തിവിടും. എടക്കര പുന്നപ്പുഴയിലെ മുപ്പിനി പാലത്തിനൊപ്പം വെള്ളമുയർന്നു. കൈവരി തകർന്നതിനാൽ  ഇതുവഴിയുള്ള യാത്രയും നിരോധിച്ചു. 
പോത്ത്കല്ല് പഞ്ചായത്തിൽ പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ  ജനപ്രതിനിധികളോടും വാർഡ്തല ജാഗ്രതാ സമിതികളോടും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിപ്പിക്കാൻ പോത്ത്കല്ല് പഞ്ചായത്തിലെ മുണ്ടേരി ട്രൈബൽ സ്കൂൾ, ഭൂദാനം സ്കൂൾ, പൂളപ്പാടം സ്കൂൾ, ഭൂദാനം വായനശാല, ഉപ്പട എൻഎസ്എസ് സ്കൂൾ, കത്തോലിക്കറ്റ് സ്കൂൾ, നെട്ടിക്കുളം എയുപി സ്കൂൾ എന്നിവ സജ്ജമാക്കി. പൂളപ്പാടം ഭൂദാനം സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. അപകടഭീതി നിലനിൽക്കുന്ന പ്രദേശത്ത്  മഴ തുടർന്നാൽ രാത്രിയിൽ തന്നെ മാറ്റിത്താമസിപ്പിക്കാൻ എല്ലാ ക്രമീകരണവും ഒരുക്കിയതായി പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ്‌ വിദ്യാരാജൻ അറിയിച്ചു. 
 

നിലമ്പൂരിൽ  50  ദുരിതാശ്വാസക്യാമ്പുകൾ സജ്ജം

നിലമ്പൂർ
പ്രളയഭീഷണിയെത്തുടർന്ന് നിലമ്പൂർ താലൂക്കിൽ 50 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കി. താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിൽനിന്നായി 9000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നാണ് റവന്യൂവകുപ്പിന്റെ റിപ്പോർട്ട്. തീവ്രമഴക്കുള്ള സാധ്യത മുന്നിൽകണ്ടാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറെടുപ്പ് നടത്തുന്നത്. എൻഡിആർഎഫിന്റെ ഒരു ഗ്രൂപ്പ് നിലമ്പൂരിൽ നിലവിലുണ്ട്.
രക്ഷാപ്രവർത്തനത്തിന് ബോട്ട് അടക്കമുള്ള സംവിധാനം ഇവർക്കുണ്ട്.  ഫിഷറീസ് വകുപ്പ്  നൽകിയ അഞ്ച് ചെറിയ ബോട്ടുകളും നിലമ്പൂരിലുണ്ട്. അത്യാവശ്യഘട്ടത്തിൽ  വലിയ ബോട്ടുകൾ പൊന്നാനിയിൽനിന്ന് എത്തിക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന്  തഹസിൽദാർ എം രഘുനാഥ് പറഞ്ഞു. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, നാടുകാണി മേഖലയിലും വയനാട്ടിലും മഴ ശക്തമായാൽ അത് ചാലിയാറിലും നിലമ്പൂർ മേഖലയിലെ മറ്റു പുഴകളിലും ജലനിരപ്പുയരാൻ കാരണമാകും. അതിനാൽ ഈ പുഴകളുടെ തീരത്തുള്ള പഞ്ചായത്തുകൾക്ക് അതീവജാഗ്രതാ മുന്നറിയിപ്പ് ജില്ലാ ഭരണ സംവിധാനം നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top