മഞ്ചേരി
കുറഞ്ഞ ചെലവിൽ പൈപ്പുകൾവഴി പാചകവാതകം നൽകുന്ന ഗെയിലിന്റെ സിറ്റി ഗ്യാസ് പദ്ധതി മലപ്പുറം മുണ്ടുപറമ്പിലും എത്തി. നഗരസഭയിലെ വലിയങ്ങാടി, മുണ്ടുപറമ്പ് വാർഡുകളിലെ 500 വീടുകളിലേക്കാണ് ആദ്യം പാചകവാതകം പൈപ്പിലൂടെ എത്തുക. ഒരുമാസത്തിനകം നഗരത്തിലെ 1000 വീടുകളിൽ കണക്‌ഷൻ ലഭ്യമാകും.
സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക.12 കിലോമീറ്റർ വിതരണ പൈപ്പ് ലൈൻ സ്ഥാപിച്ചു. ലൈനുകൾ കടന്നുപോയ ഭാഗങ്ങളിൽനിന്നുള്ള ഉപഭോക്താക്കളിൽനിന്ന് അപേക്ഷ സ്വീകരിച്ചുതുടങ്ങി.
മഞ്ചേരി നറുകരയിൽ സ്ഥാപിച്ച പ്രധാന സ്റ്റേഷനിൽനിന്നാണ് പെരിന്തൽമണ്ണ, മലപ്പുറം, കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി ഉൾപ്പെടെ ജില്ലയിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം ഗ്യാസ് എത്തിക്കുക. 2022 നവംബറിൽ മഞ്ചേരി നഗരസഭയിലാണ് ജില്ലയിൽ ആദ്യം കണക്‌ഷൻ നൽകിയത്. നൂറുകണക്കിന് വീടുകളിൽ പാചകത്തിനായി സിറ്റി ഗ്യാസിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. മൂന്നാംഘട്ടത്തിൽ കോട്ടക്കൽ നഗരസഭയിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പ്രതിനിധി എം ഹരികൃഷ്ണൻ പറഞ്ഞു.
സുരക്ഷാ പരിശോധന
തുടരുന്നു
ബൈപാസിലും മലപ്പുറം കോഴിക്കോട് റോഡിലും സ്ഥാപിച്ച പ്രധാന പൈപ്പ് ലൈനിന്റെ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. ഗ്യാസ് നിറയ്ക്കുന്നതിനേക്കാൾ 150 ശതമാനം അധികമർദത്തിൽ വെള്ളം നിറച്ചുള്ള ഹൈഡ്രോ ടെസ്റ്റിങ് ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തുന്നത്. പൈപ്പ് ലൈൻ ജോയിന്റിലോ മറ്റോ ലീക്കുണ്ടായാൽ കണ്ടെത്താനാകും. തുടർന്ന് പൈപ്പ് ലൈനിൽനിന്നുള്ള വെള്ളം നീക്കി ഈർപ്പം കളഞ്ഞ് കംപ്രസർ ഉപയോഗിച്ച് ഉണക്കും. ഇലക്ട്രോണിക് ജോമെട്രി പിഗ്ഗിങ് ഉപയോഗിച്ച് കേടുപാടുകളും പരിശോധിക്കും. ഒരാഴ്‌ചയ്‌ക്കുള്ളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കും.
25 സിഎൻജി പമ്പുകൾ
പ്രധാന പാതകൾ കേന്ദ്രീകരിച്ച് ജില്ലയിൽ 25 സ്‌റ്റേഷനുകളാണ് ഒരുങ്ങുന്നത്. ഇതിൽ പൊന്നാനി, പുത്തനത്താണി, എടക്കര, എടപ്പാൾ, ചങ്ങരംകുളം, വള്ളുവമ്പ്രം, മലപ്പുറം, പെരിന്തൽമണ്ണ, കോഡൂർ, രാമനാട്ടുകര ബൈപാസ്, തലക്കടത്തൂർ, തിരൂർ, വണ്ടൂർ, പരപ്പനങ്ങാടി, ചമ്രവട്ടം ഉൾപ്പെടെ 16 പമ്പുകൾ പ്രവർത്തനസജ്ജമായി. പ്രകൃതിസൗഹൃദവും പരിസ്ഥിതിസൗഹൃദവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഇന്ധനമാണ് സിഎൻജി. പെട്രോൾ, ഡീസൽ വിലയേക്കാൾ കുറഞ്ഞ വിലയിൽ പ്രകൃതിവാതകം ലഭിക്കും. കിലോ ലിറ്ററിന് 60 രൂപ നിരക്കിലാകും വിതരണം.
ഇരിമ്പിളിയംമുതൽ അരീക്കോട് കീഴുപറമ്പുവരെ 58.4 കിലോമീറ്ററിലാണ് ജില്ലയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഇതിൽ കാട്ടിപ്പരുത്തി, കോഡൂർ, വീമ്പൂർ (നറുകര), അരീക്കോട് (ആലുങ്കൽ) എന്നിവിടങ്ങളിലാണ് വാൽവ് സ്‌റ്റേഷനുകളുള്ളത്.
വ്യവസായങ്ങൾക്കും നേട്ടം
ചെറുകിട വൻകിട വ്യവസായങ്ങൾക്ക് ഇന്ധന ചെലവ് വളരെയധികം ലാഭിക്കാം. ഇത് വ്യവസായ വികസനത്തിന് മുതൽക്കൂട്ടാകും. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് പ്രകൃതിവാതകം കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..