16 April Tuesday
ഇന്ന്‌ ലോക 
സംഗീതദിനം

കണക്കുപുസ്‌തകത്തിലെ രാഗമഴ

എം സനോജ്‌Updated: Tuesday Jun 21, 2022

വെച്ചൂര്‍ ശങ്കര്‍ സംഗീതകച്ചേരി അവതരിപ്പിക്കുന്നു

 

നിലമ്പൂർ

വയനാട് അമ്പലവയലിലെ കേരള ഗ്രാമീൺ ബാങ്കിൽ കണക്കിനൊപ്പം കർണാടിക്‌ സംഗീതത്തിന്റെ ലയവും. ജോലിത്തിരക്കിലും രാഗങ്ങളുടെ തോഴനാണ്‌ ബാങ്ക്‌ മാനേജർ നിലമ്പൂർ കോവിലകത്തുമുറി ശിവകൃപ വീട്ടിൽ വെച്ചൂർ ശങ്കർ. 

ആയിരത്തിഅഞ്ഞൂറിലധികം വേദികളിൽ ഇതിനകം കച്ചേരി അവതരിപ്പിച്ചു. ചെമ്പൈ സംഗീതോത്സവം, ഞരളത്ത് സംഗീതോത്സവം, തിരുവനന്തപുരം നവരാത്രി മണ്ഡപം, ചെന്നൈ മ്യൂസിക് അക്കാദമി, വൈക്കം സംഗീതോത്സവം, മുംബൈ ഷൺമുഖാനന്ദ, തിരുപ്പതി നാദനീലാഞ്ജനം, ഡൽഹി ഷൺമുഖാനന്ദ എന്നിവയിൽ പാടി. 

   കോട്ടയം  വൈക്കം വെച്ചൂരിൽ ജനിച്ച  ഇദ്ദേഹം പതിനഞ്ചാം വയസുമുതൽ ശാസ്ത്രീയസംഗീത വേദികളിൽ നിറസാന്നിധ്യമാണ്. യേശുദാസിന്റെ ഗുരുനാഥനും പ്രശസ്ത സംഗീത‍ഞ്ജനുമായ വെച്ചൂർ എൻ ഹരിഹര സുബ്രഹ്മണ്യഅയ്യർ അമ്മാവനാണ്‌. അമ്മാവന്റെ തിരുവന്തപുരത്തെ വീട്ടിലേക്ക്‌  അവധിക്കാലങ്ങളിൽ വിരുന്നുപോയാണ് സംഗീതം പഠിച്ചത്‌. പ്രീഡിഗ്രിമുതലാണ് സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. സിഎംഎസ് കോളേജ് വിദ്യാർഥിയായിരിക്കവേ 1986ൽ കോട്ടയത്തെ ഇന്റർസോൺ  ഫെസ്‌റ്റോടെയാണ്‌ വെച്ചൂറിന്റെ  കലാജീവിതത്തിൽ പുതുവഴിതെളിഞ്ഞത്. അന്ന്‌ വിധികർത്താവായ പ്രൊഫ. പി ആർ കുമാര കേരളവർമ്മ ശങ്കറിനെ ശിഷ്യനായി സ്വീകരിച്ചു. 

  1990ൽ നാഷണൽ കൾച്ചറൽ സ്കോളർഷിപ്പിന് അർഹതനേടി. 1992ൽ മലപ്പുറം ജില്ലയിൽ ഗ്രാമീണ്‍ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. 2000ത്തിൽ  വിവാഹംകഴിഞ്ഞ് നിലമ്പൂരിൽ താമസമാക്കി. ആകാശവാണി എ ഗ്രേഡ് ആർടിസ്‌റ്റാണ്‌. 

കാഞ്ചികാമകോടി, ട്രാവൻകൂർ മ്യൂസിക് സൊസൈറ്റി, വൈക്കം വാസുദേവൻ നായർ മെമ്മോറിയൽ, സംഗീതരത്നം, എസ് നടരാജൻ പുരസ്കാരം എന്നിവ തേടിയെത്തി. ഭാര്യ: ശശികല. മക്കൾ: സഞ്ജയ് ശങ്കർ, സ്വാതിശങ്കർ. സഞ്ജയ് ശങ്കറും അച്ഛനൊപ്പം കച്ചേരി അവതരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top