29 March Friday

വിസിൽ മുഴങ്ങും,
കാൽപ്പന്താരവത്തിന്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 21, 2023
മലപ്പുറം
കാൽപ്പന്ത്‌ പ്രേമികൾക്ക്‌ വീണ്ടും ആവേശത്തിന്റെ നാളുകൾ. പ്രതീക്ഷിച്ചതിലും നേരത്തെ ഫുട്‌ബോൾക്കാലം വീണ്ടും ജില്ലയിലേക്ക്‌ എത്തിച്ചേരും. സൂപ്പർ കപ്പ്‌ ഗ്രൂപ്പ്‌ ബി, ഡി മത്സരങ്ങൾ ഏപ്രിൽ ഒമ്പതുമുതൽ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ, സൂപ്പർ കപ്പിനുള്ള ഐ ലീഗ്‌ ടീമുകളുടെ യോഗ്യതാ മത്സരത്തിനും പയ്യനാട്‌ വേദിയാകും. ഇത്‌ ഏപ്രിൽ മൂന്നിന്‌ ആരംഭിക്കും. വിചാരിച്ചതിലും ആറ്‌ ദിവസം മുമ്പുതന്നെ സോക്കർ പൂരത്തിന്‌ തുടക്കമാകും. ഏപ്രിൽ 22ന് രണ്ടാം സെമി ഫൈനലും സ്‌റ്റേഡിയത്തിൽ നടക്കും. 
പയ്യനാട്‌ നിറയും
സന്തോഷ്‌ ട്രോഫിയെ ആഘോഷമാക്കിയ പയ്യനാട്‌ സ്‌റ്റേഡിയം ഇത്തവണയും നിറഞ്ഞുകവിയും. 11 ഐഎസ്‌എൽ ടീമും അഞ്ച്‌ ഐ ലീഗ്‌ ടീമും മാറ്റുരയ്‌ക്കുന്ന സൂപ്പർ കപ്പിനെ മലപ്പുറത്തുകാർ നെഞ്ചേറ്റും. വൈകിട്ട്‌ അഞ്ചിനും രാത്രി എട്ടരയ്‌ക്കുമാണ്‌ മത്സരം.  ഗ്രൂപ്പ് ബി-യിൽ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ, മൂന്നാമത്തെ യോഗ്യതാ മത്സരത്തിലെ വിജയികൾ എന്നിവരാണുള്ളത്.
ഗ്രൂപ്പ് ഡിയിൽ മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, നാലാം യോഗ്യതാ മത്സരത്തിലെ വിജയികൾ എന്നിവർ മാറ്റുരയ്‌ക്കും.  
5 പരിശീലന മൈതാനം
കോഴിക്കോട്ടും മഞ്ചേരിയിലുമായി നടക്കുന്ന മത്സരങ്ങൾക്കായി അഞ്ച്‌ പരിശീലന മൈതാനങ്ങൾ ഒരുങ്ങും. മലപ്പുറം കോട്ടപ്പടി, കലിക്കറ്റ്‌ സർവകലാശാലയിൽ രണ്ട്‌, കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌, കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ എന്നിവയാണ്‌ പരിശീലന കേന്ദ്രങ്ങൾ.  
ഒരുക്കം അതിവേഗം 
സൂപ്പർ കപ്പിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മഞ്ചേരിയിലും കോഴിക്കോട്ടും സംഘാടക സമിതി പ്രവർത്തനം തുടങ്ങി. രാജ്യാന്തര നിലവാരമുള്ള മത്സരങ്ങൾ മലബാറിൽ എത്തിക്കുന്നതിനുള്ള ആദ്യപടിയായാണ്‌ സൂപ്പർ കപ്പിനെ കാണുന്നതെന്ന്‌ കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടിക്കറ്റ്‌ നിരക്ക്‌ അടക്കമുള്ളവ സംഘാടക സമിതി തീരുമാനിക്കും. ട്രാഫിക്‌, പാർക്കിങ്‌ അടക്കമുള്ള കാര്യങ്ങളിൽ കാണികളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോർട്‌സ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ വി പി അനിൽ, കെഎഫ്‌എ സംസ്ഥാന പ്രസിഡന്റ്‌ ടോം ജോസ്‌, ശിവകുമാർ, കെ അബ്ദുൾ കരീം, എം മുഹമ്മദ്‌ സലീം, പി എം സുധീർകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top