25 April Thursday
ലീഗ്‌–ബിജെപി വോട്ടുകച്ചവടം

മലപ്പുറത്തും പരീക്ഷിച്ചു; ജനങ്ങൾ തള്ളി

സ്വന്തം ലേഖകൻUpdated: Friday Jan 21, 2022

മലപ്പുറം

മുസ്ലിംലീഗ്‌–-ബിജെപി വോട്ടുകച്ചവടം എക്കാലത്തും സജീവമായിരുന്ന ജില്ലയാണ്‌ മലപ്പുറം. കഴിഞ്ഞ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അവിശുദ്ധ കൂട്ടുകെട്ട്‌ മറനീക്കി. മുൻ മന്ത്രി കെ ടി ജലീൽ മത്സരിച്ച തവനൂരിൽ ലീഗ്‌ നേതൃത്വം നൽകുന്ന യുഡിഎഫ്‌ വർഗീയശക്തികളുമായി പ്രകടമായ വോട്ടുകച്ചവടം നടത്തി. ഒരുവശത്ത്‌ ബിജെപിയേയും മറുവശത്ത്‌ ജമാഅത്തെ ഇസ്ലാമിയേയും ചേർത്തുപിടിച്ചായിരുന്നു തെരഞ്ഞെടുപ്പിന്‌ കച്ചമുറുക്കിയത്‌. 

എന്നാൽ  വർഗീയ കൂട്ടുകെട്ടിനെ ജനങ്ങൾ തള്ളി. മണ്ഡലത്തിൽ കോലീബി സഖ്യം പരസ്യമായും രഹസ്യമായും പ്രവർത്തിച്ചു. കരാർ ഉറപ്പിച്ചതുമുതൽ ബിജെപിക്കാർ നിശ്ശബ്ദരായി. സീറ്റ് ബിഡിജെഎസിനായതിനാൽ ബിജെപിക്കാർ കാര്യമായി രംഗത്തിറങ്ങിയില്ല. ഈ തക്കമാണ് വോട്ടുകച്ചവടത്തിന്‌ ഉപയോഗിച്ചത്‌. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ ബിജെപിക്ക് 19,000 വോട്ട് ലഭിച്ചിരുന്നു. നിയമസഭയിൽ അത്‌ 9914 ആയി. 9086 വോട്ടിന്റെ കുറവ്‌. ബിജെപിക്ക് വോട്ട് കുറവുള്ള ബൂത്തുകളിൽ യുഡിഎഫിനാണ് മുന്നേറ്റം. എസ്ഡിപിഐക്ക് 1700 വോട്ട് കുറവ്‌. ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടെല്ലാം യുഡിഎഫിന് പോയി. എൽഡിഎഫിനൊപ്പം മതനിരപേക്ഷ മനസ്സുകൾ ഒന്നിച്ചതാണ് 2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കെ ടി ജലീലിനെ സഹായിച്ചത്‌. 

താനൂരിലും ലീഗ്‌ ഇതേ തന്ത്രം പയറ്റിയെങ്കിലും പാളി. താനൂർ തിരിച്ചുപിടിക്കാൻ ബിജെപി നേതൃത്വവുമായി ലീഗ് നേതൃത്വം വോട്ടുകച്ചവടം നടത്തിയതായി ആ സമയത്തുതന്നെ‌ ആരോപണമുയർന്നിരുന്നു. 

താനൂര്‍ മണ്ഡലത്തിൽ 2016ൽ വെൽഫെയർ പാർടി 1291 വോട്ടാണ്‌ നേടിയത്. എന്നാൽ 2021ൽ സ്ഥാനാർഥിയില്ലായിരുന്നു. 2021ൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വലിയ വിള്ളൽ ഉണ്ടായി. 2016ൽ 11,051 വോട്ട്‌ നേടിയത്‌ 10,590 ആയി കുറഞ്ഞു.  

തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും സ്ഥാനാർഥിയെ നിർത്താതെയാണ്‌ ബിജെപി യുഡിഎഫിനെ സഹായിച്ചത്‌. സ്ഥാനാർഥിയില്ലാത്ത ഇടങ്ങളില്ലൊം ബിജെപി യുഡിഎഫിന്‌ വോട്ടുമറിച്ചു. 

അഴിഞ്ഞുവീണത്‌ ലീഗിന്റെ മുഖംമൂടി: സിപിഐ എം

മലപ്പുറം
അധികാരം പിടിച്ചെടുക്കാനും നിലനിർത്താനും വർഗീയശക്തികളുമായി കൂട്ടുകൂടുന്ന പാരമ്പര്യമാണ്‌ മുസ്ലിംലീഗിനെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌. കഴിഞ്ഞകാല തെരഞ്ഞെടുപ്പ്‌ ചരിത്രം പരിശോധിച്ചാൽ ലീഗും വർഗീയശക്തികളും തമ്മിലുള്ള ബന്ധം വ്യക്തമാകും. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ, ആർഎസ്‌എസ് എന്നിവയുമായി ഒരേസമയം അവിശുദ്ധ സഖ്യമുണ്ടാക്കിയാണ്‌ ലീഗ്‌ മുന്നോട്ടുപോകുന്നത്‌. ലീഗിന്റെ ഈ കൂട്ടുകെട്ട്‌ മതനിരപേക്ഷ കേരളത്തിന്‌ അത്യന്തം അപകടകരമാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയശക്തികളുമായി ലീഗ്‌ കൂട്ടുകെട്ട്‌ ഉണ്ടാക്കിയെന്നാണ്‌ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാമിന്റെ ഫോൺ സംഭാഷണത്തിൽനിന്ന്‌ വ്യക്തമായത്‌. കഴിഞ്ഞ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജില്ലയിലും ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ്‌ വർഗീയശക്തികളുമായി രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പം പരസ്യമായി മത്സരിച്ചു. അതേസമയം, ബിജെപിയുമായി രഹസ്യ ബന്ധവുമുണ്ടാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അവിശുദ്ധ കൂട്ടുകെട്ടുകളെ പരാജയപ്പെടുത്തി മതനിരപേക്ഷ കേരളം എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചു. അധികാരത്തിനായി ഏത്‌ വർഗീയശക്തികളുമായും കൂട്ടുകെട്ട്‌ ഉണ്ടാക്കുന്ന നേതൃത്വത്തിന്റെ കാപട്യം ലീഗ്‌ അണികളും പൊതുസമൂഹവും തിരിച്ചറിയണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top