02 December Thursday

ആരവമുയർന്നു; ഓർമകളും

സ്വന്തം ലേഖകൻUpdated: Wednesday Oct 20, 2021

കലിക്കറ്റ്‌ സർവകലാശാലക്ക്‌ ആദ്യ അഖിലേന്ത്യാ ഫുട്‌ബോൾ കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്‌റ്റൻ വിക്‌ ടർ മഞ്ഞില പന്തിൽ ഒപ്പുവയ്‌ക്കുന്നു

തേഞ്ഞിപ്പലം
ഓർമകളിലെ ആരവമുയരുന്ന ഗ്യാലറിയെ സാക്ഷിയാക്കി അവർ വീണ്ടും കലിക്കറ്റിന്റെ ആ അഭിമാന നിമിഷത്തിലേക്ക്‌ നടന്നുകയറി. 1971ൽ അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടമുയർത്തിയ അതേ കൈകളിൽ സർവകലാശാലയുടെ ആദരം സ്വീകരിച്ചു. നാളുകൾക്കുശേഷം എല്ലാവരും ഒത്തുകൂടിയതിന്റെ ആവേശത്തോടെ കുശലം പറഞ്ഞും ചിത്രങ്ങളെടുത്തും ഓർമകളുടെ കളിക്കളത്തിലേക്ക്‌ പന്തുരുണ്ടു.  വിടപറഞ്ഞ സഹതാരങ്ങളുടെ സ്‌മരണകൾ നിറഞ്ഞു.
ഒറ്റ ഗോളും വഴങ്ങാതെ എതിർ ടീമിന്റെ വല നിറച്ച്‌ ദക്ഷിണ മേഖല ജേതാക്കളായതും അഖിലേന്ത്യാ മത്സരത്തിൽ പഞ്ചാബുമായുള്ള മത്സരവുമെല്ലാം താരങ്ങളുടെ ഓർമകളിൽ നിറഞ്ഞു.
‘‘ഗോളടിക്കാനും എതിർ ടീമിനെക്കൊണ്ട്‌ ഗോളടിപ്പിക്കാതിരിക്കാനും കഴിയുന്ന താരങ്ങളാൽ ടീം സജ്ജമായിരുന്നു’’–- ആദ്യ കിരീടമണിഞ്ഞ ടീമിന്റെ ക്യാപ്‌റ്റൻ വിക്‌ടർ മഞ്ഞില പങ്കുവച്ചത്‌ ടീമിന്റെ കരുത്തിനെക്കുറിച്ച്‌. ആയിരങ്ങളാണ്‌ സർവകലാശാലയിൽ കളി കാണാൻ എത്തിയത്‌.
50 വർഷം മുമ്പ്‌ കണ്ട ‘ജന മഹാസമുദ്ര’ത്തെ ഡോ. മുഹമ്മദ്‌ ബഷീറിന്റെ വാക്കുകൾ വീണ്ടും സർവകലാശലയിൽ എത്തിച്ചു. ‘‘എല്ലാ ക്രഡിറ്റും ടീമിനാണ്‌. ഗോൾകീപ്പറും ഡിഫന്റർമാറും മിന്നും പ്രകടനം കാഴ്‌ചവച്ചു. മിഡ്‌ഫീൽഡർമാരുടെ മികവ്‌ എളുപ്പം മുന്നിലേക്ക്‌ പന്തെത്തിച്ചു. മുന്നേറ്റ നിരയിൽനിന്ന്‌ ഗോളുകൾ പിറന്നു.’’–-  അന്നത്തെ ഫോർവേഡ്‌ താരം ഓർത്തെടുത്തു.


ആദരം ഓർമകളിലെ *ടീമംഗങ്ങൾക്ക്‌ 
അന്നത്തെ ടീമിലുണ്ടായിരുന്ന കെ പി രത്നാകരൻ, ദിനേശ് പട്ടേൽ, എം ആർ ബാബു, സി എസ്‌ ശശികുമാർ എന്നിവർ ഇന്ന്‌ ജീവിച്ചിരിപ്പില്ല. അവരുടെ ഓർമകളുടെ നനവ്‌ വേദിയിൽ നിറഞ്ഞു. പരിശീലകനായിരുന്ന സി പി എം ഉസ്മാൻ കോയ സർവകലാശാലയുടെ ആദരം മൺമറഞ്ഞ ടീമംഗങ്ങൾക്കായി സമർപ്പിച്ചു.
അന്നത്തെ വിജയത്തിന്റെ ഭാഗമായിരുന്നവരെ കായിക മന്ത്രി വി അബ്ദുറഹ്‌മാൻ ആദരിച്ചു. അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലെ അശുതോഷ്‌ മുഖർജി ഷീൽഡിന്റെ മാതൃകയിലുള്ള ഉപഹാരമാണ്‌ സമ്മാനിച്ചത്‌. ടീം പരിശീലകനായിരുന്ന സി പി എം ഉസ്മാൻ കോയ, മാനേജർ സി പി അബൂബക്കർ, ക്യാപ്റ്റൻ വിക്ടർ മഞ്ഞില, ടീമംഗങ്ങളായ പി അബ്ദുൾ ഹമീദ്, ഡോ. എം ഐ മുഹമ്മദ് ബഷീർ, എ അബ്ദുൾ റഫീഖ്, കെ സി പ്രകാശ്, പി പൗലോസ്, എം വി ഡേവിസ്, കെ പി പ്രദീപ്, എൻ കെ സുരേഷ്, ഇ രാമചന്ദ്രൻ, കുഞ്ഞിമുഹമ്മദ്, പി അശോകൻ, പരേതരായ എം ആർ ബാബുവിന്റെ ഭാര്യ ഷൈനി, കെ പി രത്നാകരന്റെ മകൾ ഡോ. കാജൽ എന്നിവർ സർവകലാശാലയുടെ ഉപഹാരം ഏറ്റുവാങ്ങി.

ഒക്ടോബര്‍ 19 കലിക്കറ്റിന്റെ കായികദിനമാകും
തേഞ്ഞിപ്പലം
ആദ്യമായി അഖിലേന്ത്യാ ഫുട്‌ബോൾ കിരീടമുയർത്തിയ ഒക്ടോബർ 19 കലിക്കറ്റ് സർവകലാശാലയുടെ കായികദിനമാകും. ആദ്യത്തെ അഖിലേന്ത്യാ ഫുട്‌ബോൾ കിരീടനേട്ടത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ വൈസ് ചാൻസലർ ഡോ. എം കെ ജയരാജാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top