കരിപ്പൂർ
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലേക്ക്. 25 ഭൂവുടമകൾ ഇതിനകം രേഖകൾ കൈമാറി. നഷ്ടപരിഹാര തുക വിതരണവും തുടങ്ങി. അഞ്ചുപേർ നഷ്ടപരിഹാര തുക കൈപ്പറ്റി. ആദ്യഗഡുവായി സർക്കാർ 20 കോടി അനുവദിച്ചിട്ടുണ്ട്.
വിമാനത്താവള വികസനത്തിനായി വിട്ടുനൽകുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ ഉയർന്ന നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് ഒരേ നഷ്ടപരിഹാരം ലഭിക്കും. ഭൂമിയേറ്റെടുക്കുമ്പോൾ ഇല്ലാതാകുന്ന വിമാനത്താവള ക്രോസ് റോഡിനു പകരം സംവിധാനമൊരുക്കും. വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട ഭൂമിയാണ് ഏറ്റെടുത്ത് കൈമാറുന്നത്.
കഴിഞ്ഞ 15നകം ഭൂമിയേറ്റെടുക്കുമെന്നാണ് വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്. ഇതിന്റെ നടപടി പൂർത്തിയായി. ഭൂമി കൈമാറുന്ന പ്രക്രിയയാണ് ഇനി അവശേഷിക്കുന്നത്. ഏറ്റെടുത്ത ഭൂമിയുടെ ആധാര പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഭൂമിയുടെ ശരിയായ അവകാശികൾക്കുതന്നെയാണ് നഷ്ടപരിഹാരം ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..