മലപ്പുറം
അങ്ങു ദൂരെ ചൈനയിലെ ഹൗങ്‌ചൗവിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം ഏഷ്യൻ ഗെയിംസിനിറങ്ങുമ്പോൾ അതിലൊരു മലപ്പുറം ടച്ചുണ്ട്. ഇവിടുത്തെ മൈതാനങ്ങളിൽ പന്തുതട്ടിക്കളിച്ച ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി അബ്ദുൽ റബീഹാണ് ഹാങ്‌ചൗവിലെ മലപ്പുറം പെരുമ. ഐഎസ്‌എൽ ക്ലബ്ബായ ഹൈദരാബാദ് എഫ്‌സിയുടെ താരമാണ് റബീഹ്. അണ്ടർ 23 ഇന്ത്യൻ ടീമിലുള്ള ഈ വലതു മധ്യനിര താരത്തിന് പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനാകും.
മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പന്തുകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച റബീഹ്, ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകൾക്കുവേണ്ടി കളിച്ചു. 2021–-22ൽ ഹൈദരാബാദ് ഐസ്‌എൽഎൽ കിരീടം ചൂടുമ്പോൾ ടീമിൽ അംഗമായിരുന്നു. പക്ഷേ ടീമിന്റെ കിരീടനേട്ടത്തിനിടയിലും ആ ദിവസം റബീഹിന് നൽകിയത് ഹൃദയംനുറുങ്ങുന്ന വേദനയായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള ഹൈദരാബാദിന്റെ ഫൈനൽ മത്സരം കാണാൻ ബൈക്കിൽ ഗോവയിലേക്കുപോയ കൂട്ടുകാരായ മുഹമ്മദ് ഷിബിലും ജംഷീർ മുഹമ്മദും കാസർകോട് അപകടത്തിൽപ്പെട്ട് മരിച്ചു. റബീഹ് ഇന്ത്യൻ ജേഴ്‌സി അണിയണമെന്ന് എറ്റവും കൂടുതൽ ആഗ്രഹിച്ചവർ അവരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..