19 April Friday

വെറുംവാക്കല്ല; ഈ വീട്ടമ്മമാർ 
വീട്‌ പണിയും

സുധ സുന്ദരൻUpdated: Tuesday Sep 20, 2022

നിർമിതി യൂണിറ്റിന്റെ വീട് നിർമാണം

മലപ്പുറം
വീട്‌ പണിക്കൊന്നും പെണ്ണുങ്ങളെക്കൊണ്ട്‌ പറ്റൂല. കല്ല്‌ ചുമക്കണം, സിമന്റും മണലും കൂട്ടണം, വാർക്കണം അങ്ങനെ എന്തൊക്കെ. ഇവരെക്കൊണ്ടൊന്നും  കൂട്ട്യാ കൂടൂലാ... ആവർത്തിച്ചുള്ള കുത്തുവാക്കുകളിൽ പിൻവാങ്ങാൻ ഈ വീട്ടമ്മമാർ തയ്യാറായില്ല. ഉറച്ച തീരുമാനത്തിൽ മുന്നേറി കരുത്തോടെ സ്വപ്നഭവനങ്ങൾ പൂർത്തിയാക്കി. പെരുമ്പടപ്പ്‌ ബ്ലോക്ക്‌ വെളിയങ്കോട്‌ സിഡിഎസിലെ വിവിധ കുടുംബശ്രീയിലെ അംഗങ്ങളായ പള്ളിത്താഴത്ത്‌ സുബൈദ (46), രാവാട്ട്‌ ഷെരീഫ (48), പടിഞ്ഞാറുവീട്ടിൽ വിനീത (46), തുരുത്തുമേൽ റംല (51), തെക്കിനിത്തോൽ താജുന്നീസ (45) എന്നിവർ ചേർന്നാണ്‌ വീട്‌ നിർമിച്ചത്‌. അഞ്ചുപേർ ചേർന്ന്‌ തുടങ്ങിയ ‘നിർമിതി’ കൺസ്‌ട്രക്ഷൻ യൂണിറ്റ്‌ വഴിയാണ്‌ നിർമാണം. 
അഞ്ചുവർഷം മുമ്പാണ്‌ ഇവർ നിർമാണ മേഖലയിൽ പരിശീലനം നേടുന്നത്‌. 2018–-19ൽ വണ്ടൂരിൽ കാനറാ ബാങ്കിന്റെ നേതൃത്വത്തിൽ സുബ്ബറാവു ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക്‌ നിർമാണ മേഖലയിൽ പരിശീലനം നൽകിയിരുന്നു. വെളിയങ്കോട്‌ പഞ്ചായത്തിലെ  12 പേർ ഉൾപ്പെടെ നിരവധി കുടുംബശ്രീ അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. പിന്നീട്‌ പെരുമ്പടപ്പ്‌ ബ്ലോക്കിലെ 45 പേരടങ്ങുന്ന ട്രൈനിങ് ഗ്രൂപ്പ്‌ സജ്ജമായി. നാലുദിവസത്തെ ക്ലാസിനുശേഷം പ്രായോഗിക പരിശീലനം നൽകി. അഞ്ച്‌ വീടുകളുടെ നിർമാണമായിരുന്നു പരിശീലനം. പെരുമ്പടപ്പ്‌– -2, വെളിയങ്കോട്‌–- 2, എടപ്പാൾ–- 1 എന്നിങ്ങനെയായിരുന്നു നിർമാണം. വിദഗ്‌ധ പരിശീലകരുടെ മേൽനോട്ടത്തിൽ പ്രവൃത്തി കൃത്യസമയത്ത്‌ പൂർത്തിയാക്കി.  
പിന്നീട്‌ വെളിയങ്കോട്‌ പഞ്ചായത്തിലെ അഞ്ചുപേർ ചേർന്ന്‌ ‘നിർമിതി ’ നിർമാണ യൂണിറ്റ്‌ തുടങ്ങുകയായിരുന്നു. ആദ്യഘട്ടത്തിൽ പരിഹാസങ്ങൾ ഏറെയായിരുന്നെന്നും പിന്നീട്‌  വനിതകളുടെ വീട്‌ നിർമാണം കാണാൻ നിരവധി പേർ എത്തിയെന്നും നിർമിതി യൂണിറ്റ്‌ അംഗം ഷെരീഫ പറഞ്ഞു.
 2019–-20ൽ വെളിയങ്കോട്‌, മാറഞ്ചേരി പഞ്ചായത്തുകളിലായി രണ്ട്‌ വീടുകൾ നിർമിതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്‌. ലൈഫ്‌ മിഷന്‌ കീഴിലുള്ള വീടുകളാണ്‌ നിർമിച്ചത്‌. 45 ദിവസംകൊണ്ടാണ്‌  നിർമാണം പൂർത്തിയാക്കിയത്‌. തറ കീറുന്നത്‌ (പാദുകം)മുതൽ വാർപ്പുവരെ ചെയ്യും. തേപ്പും നിലംപണിയും ഒഴികെയാണ്‌ കരാർ. നിലവിൽ എൻആർഇജി ബോർഡ്‌, കമ്പോസ്റ്റ്‌ പ്ലാന്റ്‌ എന്നീ പ്രവൃത്തിയും ചെയ്യുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top