20 April Saturday

മലയാളിക്ക്‌ അഭിമാനം

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

ദേശാഭിമാനിയുമായുള്ള ആത്മബന്ധം 
ഓർത്തെടുത്ത്‌ 
ഡോ. ഹുസൈൻ രണ്ടത്താണി 

രണ്ടത്താണി യുപിയിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മലപ്പുറം ജില്ലയുടെ പിറവി. നാട്ടിൻപുറത്ത് ഞങ്ങൾക്കൊരു മക്കാനിയുണ്ട്. നാട്ടിലെ ‘സൂപ്പർ മാർക്കറ്റ്‌’. രാവിലെ ചായ കുടിക്കാൻ കാരണവൻമാരായ ഗ്രാമവാസികൾ അവിടെ ഒത്തുകൂടും. തൊട്ടടുത്ത മാവിലെ മാങ്ങ പെറുക്കാൻ ഞങ്ങൾ കുട്ടികളും അവിടെയുണ്ടാവും. രാവിലെ സഖാവ് കുഞ്ഞിതീൻ കാക്ക ‘ദേശാഭിമാനി’ വായന തുടങ്ങും. നാട്ടുകാർ സഖാവിന്റെ പത്രം എന്നാണ്‌ പറയാറ്. കുഞ്ഞിതീൻ കാക്ക കറകളഞ്ഞ സഖാവാണ്. മുംബൈയിലും കറാച്ചിയിലുമൊക്കെ കറങ്ങിയ ലോക വിവരവുമുണ്ട്. അങ്ങനെയാണ് കമ്യൂണിസ്റ്റായത്‌. അറബ് നാട്ടിലും അമേരിക്കയിലും നടക്കുന്ന കാര്യങ്ങളൊക്കെ സഖാവിനറിയും. ചർച്ചകളിൽ എന്റെ ഉപ്പയും സജീവമാണ്. സഖാക്കളായിട്ട് ആ കൂട്ടത്തിൽ കുഞ്ഞിതീൻ കാക്കയും പിന്നെ ഉണ്ണി നായരും മാത്രമേ ഉണ്ടാവൂ. ചിലപ്പോൾ സഖാവ് അലവിക്കുട്ടിക്കയും വരും. മലപ്പുറം ജില്ല രൂപീകരിക്കുന്നതിൽ പിറകോട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സഖാവ് ഉറക്കെ വായിക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. രാത്രി ഉപ്പ വന്നപ്പോൾ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.കുഞ്ഞിതീൻ കാക്ക മരണപ്പെട്ടുവെങ്കിലും ആ പത്രവായന ഇപ്പോഴും മനസ്സിൽ തെളിയുന്നു.  പിന്നേയും കാലങ്ങൾ കഴിഞ്ഞാണ് ഞാൻ ‘ദേശാഭിമാനി’യെ നെഞ്ചോട് ചേർക്കുന്നത്.  ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ ചെന്ന് ദേശാഭിമാനി വായിക്കും. ഇ എം എസിന്റെ ലേഖനങ്ങളത്രയും വായിക്കും.  ഏത് കാര്യത്തിലും വ്യതിരിക്തമായ നിലപാടുകൾ അദ്ദേഹത്തിന് പറയാനുണ്ടാവും. അത് അറിയണമെങ്കിൽ ദേശാഭിമാനിതന്നെ വായിക്കണം. അലിഗഡിലെ പഠനകാലത്ത്  ദേശാഭിമാനി തപാലിൽ വരുത്തുമായിരുന്നു. അന്ന് പത്രമെത്താൻ ഒരാഴ്ചയും അതിലധികവും പിടിക്കും.  അന്ന് പാർടി പത്രമായാണ് ദേശാഭിമാനി അറിയപ്പെട്ടിരുന്നത്. ഇന്നത് ജനകീയ പത്രമായി. പല പത്രങ്ങളും കുത്തകക്കാരുടെ കുഴലൂത്തുകാരായി മാറിയപ്പോൾ പാവപ്പെട്ടവനോടൊപ്പം നിൽക്കാൻ ചങ്കൂറ്റമുള്ള രാജ്യത്തെ മികച്ച പത്രങ്ങളിലൊന്നാണ്‌ ദേശാഭിമാനി. പത്രത്തിന്റെ എഡിഷൻ മലപ്പുറം ജില്ലയിലാരംഭിച്ചത് തികച്ചും വിപ്ലവം തന്നെയാണ്. മലപ്പുറത്തിന്റെ മനസ്സ് ഒപ്പിയെടുക്കുന്നതിൽ ചുരുങ്ങിയ കാലംകൊണ്ട് ദേശാഭിമാനി വിജയിച്ചു.  മലയാളിക്കഭിമാനമായി മലയോളം തലയുയർത്തി വിളങ്ങും മലയാളത്തിലെന്നും ദേശാഭിമാനി.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top