29 March Friday

വെട്ടിമാറ്റുന്നതെങ്ങനെ മണ്ണിലെ സത്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
മലപ്പുറം
കോട്ടക്കുന്നിന്റെ വടക്കേച്ചെരുവിലുണ്ട്‌ പോരാട്ടത്തിന്റെ ഇരമ്പം. മലബാർ സമരത്തിന്റെ ധീരനായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ പട്ടാളം വെടിവച്ച്‌ വീഴ്‌ത്തിയ ഭൂമിക‌. ചരിത്രത്താളുകളിൽനിന്ന്‌ ആ രക്തസാക്ഷിയെ വെട്ടിമാറ്റുമ്പോൾ ഓർമകളെ വീണ്ടുമുയർത്തി കൂട്ടായ്‌മ ഒരുക്കുകയാണ്‌ നാട്‌. 
ബ്രിട്ടീഷ്‌ ആധിപത്യവും ജാതി–-ജന്മിത്ത ചൂഷണവും ഇല്ലാതാക്കി സ്വതന്ത്ര ജീവിതം സാധ്യമാക്കുകയായിരുന്നു 1921ലെ മലബാർ സമരത്തിന്റെ ലക്ഷ്യം. അതിന്‌ നേതൃത്വം നൽകിയ മനുഷ്യസ്‌നേഹിയായിരുന്നു വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. സാമ്രാജ്യത്വവും അതിനെ സഹായിക്കുന്നവരുമായിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കൾ‌. സാധാരണക്കാരോട്‌‌ ജാതി–-മത ഭേദമില്ലാതെ ആത്മബന്ധം പുലർത്തി. 
 മഞ്ചേരി, മണ്ണാർക്കാട്‌ സമരങ്ങളുടെ പേരിൽ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെയും പിതാവിനെയും 1896ൽ ബ്രിട്ടീഷ്‌ ഭരണകൂടം മക്കയിലേക്ക്‌ നാടുകടത്തി. 1914ൽ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തെ സ്വദേശമായ നെല്ലിക്കുന്നിലേക്ക്‌ പോകാൻ അനുവദിച്ചില്ല. കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പിലാണ്‌ പിന്നീട്‌ താമസിച്ചത്‌. കച്ചവടക്കാരനായും കാളവണ്ടിക്കാരനായും അദ്ദേഹം ഏറനാട്ടിലും വള്ളുവനാട്ടിലും സാധാരണക്കാർക്കൊപ്പം കഴിഞ്ഞു. വള്ളുവനാട്‌, ഏറനാടൻ മേഖലകളിൽ കുടിയാൻ സംഘങ്ങളും ഖിലാഫത്ത്‌ കമ്മിറ്റികളും രൂപീകരിക്കാൻ വാരിയൻകുന്നത്തും എം പി നാരായണമേനോനും യു ഗോപാലമേനോനും കെ മാധവൻ നായരും രംഗത്തിറങ്ങി. 1920 ഏപ്രിലിൽ മഞ്ചേരിയിലെ മലബാർ ജില്ലാ സമ്മേളനത്തിലേക്ക്‌ ജനങ്ങളെ അടുപ്പിച്ചത്‌‌ വാരിയൻകുന്നത്തും എം പി നാരായണമേനോനുമായിരുന്നു. 
കോൺഗ്രസ്‌‐ഖിലാഫത്ത്‌ ആശയങ്ങൾക്ക്‌ ഗാന്ധിജി നേതൃത്വം നൽകിയതിന്റെ ഭാഗമായി 1920 ഫെബ്രുവരിയിൽ യാക്കൂബ്‌ ഹസ്സൻ കോഴിക്കോട്ട്‌ പ്രചാരണത്തിനെത്തി.  മാനാഞ്ചിറ മൈതാനത്ത്‌ സമ്മേളനത്തിന്‌ അനുമതി നൽകിയില്ല. നിയമലംഘനത്തിന്‌ യാക്കൂബ്‌ ഹസ്സനോടൊപ്പം കെ മാധവൻ നായർ, പൊൻമാടത്ത്‌ മൊയ്‌തീൻ കോയ, യു ഗോപാലമേനോൻ എന്നിവരെ അറസ്‌റ്റ്‌ചെയ്‌തു. അത്‌ മലബാറിലാകെ  ബ്രിട്ടീഷ്‌ വിരുദ്ധ വികാരം ആളിക്കത്തിച്ചു.  പ്രതിഷേധം ഭയന്ന്‌ പട്ടാളം വള്ളുവനാട്‌, ഏറനാട്‌ മേഖലകളിൽനിന്ന്‌ പിൻവാങ്ങി. അവിടെ‌ ആലി മുസ്ലിയാരും വാരിയൻകുന്നത്തും ചേർന്ന സ്വതന്ത്രസർക്കാർ (മലയാളരാജ്യം) നിലവിൽവന്നു. 
1922 ജനുവരി അഞ്ചിന്‌ ഉണ്ണ്യാലി മുസ്ല്യാരുടെ സഹായത്തോടെ ബ്രിട്ടീഷ്‌ പട്ടാളം വാരിയൻകുന്നത്തിനെ ജീവനോടെ പിടികൂടി.  ജനുവരി 20ന്‌ കോട്ടക്കുന്നിൽ വെടിവച്ച്‌ വീഴ്‌ത്തി. അന്ത്യാഭിലാഷം വല്ലതുമുണ്ടോ എന്ന  ചോദ്യത്തിന്‌ ‘‘എന്റെ മരണവും അന്തസ്സോടെ വേണം. കണ്ണുകെട്ടാതെ മുമ്പിൽനിന്ന്‌ നെഞ്ചിലേക്ക്‌ വെടിവയ്‌ക്കാൻ സന്മനസ്സ്‌ കാണിക്കണം–- അതായിരുന്നു മറുപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top