18 April Thursday
ബംഗളൂരുവിൽ കുടുങ്ങി മലയാളികൾ

മണി ചെയിൻ മാതൃകയിൽ ജോലിതട്ടിപ്പ്‌

വിനോദ്‌ തലപ്പള്ളിUpdated: Saturday Aug 20, 2022
 
 
തിരൂർ
ബംഗളൂരു കേന്ദ്രീകരിച്ചുള്ള രണ്ട്‌ സ്വകാര്യ കമ്പനിയുടെ മണി ചെയിൻ മാതൃകയിലുള്ള ജോലി വാഗ്‌ദാനത്തിൽ കുടുങ്ങി നിരവധി മലയാളികൾ. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നുള്ളവരാണ്‌ ഏറെയും. വഞ്ചിക്കപ്പെട്ടതായി അറിഞ്ഞപ്പോൾ നൽകിയ തുക തിരിച്ചുചോദിക്കുന്നവർക്ക്‌  മർദനവും ഭീഷണിയുമാണെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. 
സ്വകാര്യ സമൂഹ മാർക്കറ്റായ ഒഎൽഎക്‌സിൽ വന്ന തൊഴിൽ ഒഴിവ്‌ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവർ ജോലിക്ക്‌ അപേക്ഷിച്ചത്‌. ഐടി കമ്പനിയിലും വെയർഹൗസിങ്ങിലുമായിരുന്നു ജോലി വാഗ്‌ദാനം. കമ്പനിയുമായി ബന്ധപ്പെട്ട യുവാക്കളോട്‌ അഭിമുഖത്തിന് എത്താനായിരുന്നു ആദ്യം നിർദേശം. ബംഗളൂരുവിലെ അഭിമുഖത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചു. ജോലി ലഭിക്കാൻ 3500 രൂപ അടക്കാനും ആവശ്യപ്പെട്ടു. പണം അടച്ചവർക്ക്‌ ടെലി കോളർ ജോലിയാണെന്നുപറഞ്ഞ്‌ മൊബൈൽ സിം കാർഡ്‌ നൽകി. സ്വന്തം പേരിനുപകരം മറ്റൊരു പേരിൽ തൊഴിൽ അന്വേഷകരായ യുവാക്കളെ ബന്ധപ്പെടാനായിരുന്നു നിർദേശം. 3500 രൂപ നൽകിയാൽ ജോലി നൽകാം എന്നാണ്‌ ഇവർ തൊഴിലന്വേഷകരോട്‌ പറയേണ്ടത്‌. അവർ ചേർന്നാൽ അതിൽനിന്ന്‌ 500 രൂപ ബോണസായി ലഭിക്കും. പുതുതായി ചേർന്നവർ വീണ്ടും മറ്റുള്ളവരെ ചേർക്കുന്നു. ഇതാണ്‌ ഈ കമ്പനികളിൽ നടക്കുന്നതെന്ന്‌ മഞ്ചേരി സ്വദേശി സിനാൻ "ദേശാഭിമാനി'യോട്‌ പറഞ്ഞു. 
   താമസസൗകര്യവും ഭക്ഷണവും നൽകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും വൃത്തിഹീനമായ മുറിയാണ്‌ നൽകിയത്‌. ഓരോ മുറിയിലും 10 മുതൽ 15 വരെ പേരുണ്ടാകും. ജോലി മതിയാക്കാനാഗ്രഹിച്ച്‌ സെക്യൂരിറ്റി തുക തിരികെ ചോദിക്കുന്നവരെ കേസിൽപ്പെടുത്തുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതായും മർദിച്ചതായും തട്ടിപ്പിനിരയായവർ പറഞ്ഞു. ഇവിടെനിന്ന്‌ രക്ഷപ്പെട്ട കുറച്ചുപേർ കഴിഞ്ഞദിവസം നാട്ടിലെത്തി. കമ്പനിയിലേക്ക് നിത്യേന നിരവധി യുവതീയുവാക്കൾ എത്തുന്നതായി അവർ പറഞ്ഞു. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകാനൊരുങ്ങുകയാണ്‌ തട്ടിപ്പിനിരയായവർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top