26 April Friday

ഹൈടെക്കാകാൻ ലഭിച്ചത്‌ 414.8 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
സ്വന്തം ലേഖിക
മലപ്പുറം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ കിഫ്ബി വഴി ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് ജില്ലയിൽ. വിവിധ നിയോജക മണ്ഡലങ്ങളിലായി 414.80 കോടി രൂപയാണ്‌ ലഭിച്ചത്‌. സംസ്ഥാനത്ത് 141 സ്‌കൂളുകൾക്ക് അഞ്ചുകോടി വീതം അനുവദിച്ചപ്പോൾ ജില്ലയിൽ 16 സ്‌കൂളുകൾക്ക് അഞ്ചുകോടി ലഭിച്ചു. ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ജില്ലയിൽ 86 സ്‌കൂളുകൾക്ക്‌ മൂന്നുകോടി വീതവും  500ൽപരം കുട്ടികളുള്ള 66 സ്‌കൂളുകൾക്കു ഒരുകോടി വീതവും ലഭിച്ചു. എട്ടുമുതൽ 12 വരെയുള്ള 6800 ക്ലാസ് മുറികൾ ഹൈടെക്കിലേക്ക്‌ മാറ്റാൻ ലാപ്‌ ടോപ്പ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്, ഡിഎസ്എൽആർ ക്യാമറകൾ എന്നിവയും  കംപ്യൂട്ടർ ലാബുകളും കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബി അനുവദിച്ചു. കിഫ്ബി ഫണ്ടിനുപുറമെ സർക്കാർ പ്ലാൻ ഫണ്ട് നൂറോളം സ്‌കൂളുകൾക്കും നബാർഡ് ഫണ്ട് എട്ട് സ്‌കൂളുകൾക്കും ലഭിച്ചു. ജില്ലയിൽ ഭൗതികസൗകര്യ മേഖലയിൽ ആകെ  650 കോടിയുടെ പ്രവൃത്തിയാണ് നടക്കുന്നത്. 
നിർമാണ പ്രവർത്തനത്തിന്റെ ചുമതല കൈറ്റ്, ഇൻകെൽ, വാപ്‌കോസ്, കില, പിഡബ്ല്യുഡി, എൽഎസ്ഇഡി തുടങ്ങിയ ഏജൻസികളാണ് നിർവഹിച്ചത്. ഏറ്റവും ഒടുവിൽ മൂന്നുകോടി അനുവദിച്ച 49 സ്‌കൂളുകൾക്ക് 3.90 കോടി രൂപയായി വർധിപ്പിച്ച് ഉത്തരവായിട്ടുണ്ട്. ഈ സ്‌കൂളുകളുടെ നിർമാണച്ചുമതല കിലക്കാണ്. കിലയുടെ ഉദ്യോഗസ്ഥർ സ്‌കൂളുകൾ സന്ദർശിച്ച് പ്ലാൻ അംഗീകരിച്ച് കിഫ്ബിക്ക് സമർപ്പിച്ചു. മൂന്നുമാസത്തിനകം ഈ സ്‌കൂളുകളുടെ ടെൻഡർ പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ എം മണി പറഞ്ഞു. നേരത്തെ, അഞ്ചുകോടി അനുവദിച്ച 16 സ്‌കൂളുകൾ, മൂന്നുകോടി അനുവദിച്ച 28 സ്‌കൂളുകൾ, ഒരുകോടി അനുവദിച്ച എട്ട്‌ സ്‌കൂളുകൾ എന്നിവ പണി പൂർത്തിയാക്കി ഉദ്ഘാടനംചെയ്തിരുന്നു. ബാക്കിയുള്ളവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
നിയോജക മണ്ഡലം തലത്തിൽ ലഭിച്ച ഫണ്ട്‌ 
നിലമ്പൂർ–- 24.20 കോടി, ഏറനാട്–- 34.80 കോടി,  മങ്കട–- 24.60 കോടി, കൊണ്ടോട്ടി– -26.80 കോടി,  മലപ്പുറം–- 30.60 കോടി, പെരിന്തൽമണ്ണ–- 31.50 കോടി, മഞ്ചേരി–- 24.90 കോടി, പൊന്നാനി–- 15.20 കോടി,  തവനൂർ–- 25 കോടി, താനൂർ–- 25.60 കോടി, തിരൂർ–- 29.80 കോടി, തിരൂരങ്ങാടി–- 23.70 കോടി, വേങ്ങര–- 21.80 കോടി, കോട്ടക്കൽ–- 17.80 കോടി, വള്ളിക്കുന്ന്–- 19.50 കോടി, വണ്ടൂർ–- 40 കോടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top