20 April Saturday
ഉത്തരവാദിത്ത ടൂറിസം മിഷൻ

850 സംരംഭകർ; 32 കുടുംബങ്ങൾ

സുധ സുന്ദരൻUpdated: Monday Jun 20, 2022
മലപ്പുറം
ടൂറിസം വകുപ്പിന്റെ  നേതൃത്വത്തിലുള്ള  ഉത്തരവാദിത്ത ടൂറിസം മിഷനിൽ  ജില്ലയിലെ 850 സംരംഭകർ രജിസ്റ്റർചെയ്‌തു. പദ്ധതിയുടെ ഭാഗമായുള്ള പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി നൽകുന്ന ‘എക്സ്പീരിയൻസ് എത്‌‌നിക് ക്യുസിൻ’ പദ്ധതിയ്ക്കും  മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 32ൽ അധികം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി. സാധാരണക്കാർക്കും പ്രാദേശിക വിനോദസഞ്ചാര മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വരുമാനം നേടിയെടുക്കാൻ കഴിയുംവിധമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതികൾ.  
പാരമ്പര്യ തൊഴിലാളികൾ, കലാകാരന്മാർ, കരകൗശല വസ്തു നിർമാതാക്കൾ, തനതുഭക്ഷണം തയ്യാറാക്കുന്നവർ, കർഷകർ, വിദഗ്ധ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവർക്കും ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നി തനത് കലകളെയും ആഘോഷങ്ങളെയും കോർത്തിണക്കി വിവിധ ടൂർ പാക്കേജുകളും മിഷൻ നടപ്പാക്കുന്നുണ്ട്. കരകൗശലവസ്തു നിർമാതാക്കൾ, കർഷകർ, കലാകാരന്മാർ എന്നിവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ടൂറിസം വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി വിൽക്കാനുള്ള സൗകര്യവുമുണ്ട്. സംരംഭകർക്ക് കൃത്യമായ പരിശീലനവും നൽകുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനും പ്രത്യേക ഗ്രാമസഭകളും ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്നുണ്ട്. ടൂറിസം രംഗത്തെ സംരംഭകർക്കും തൊഴിലന്വേഷകർക്കും സാധാരണക്കാർക്കുമായി പ്രത്യേക പോർട്ടലും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികതലത്തിൽ ടൂറിസം സാധ്യതകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം റിസോഴ്സ് മാപ്പിങ് പുരോഗമിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top