20 April Saturday

ഇ കെ അയമു ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

പ്രഥമ ഇ കെ അയമു പുരസ്കാരം പി വി അൻവര്‍ എംഎൽഎയിൽനിന്ന് കരിവെള്ളൂര്‍ മുരളി ഏറ്റുവാങ്ങുന്നു

നിലമ്പൂർ
ഇ കെ അയമു ദിനാചരണവും പ്രഥമ ഇ കെ അയമു പുരസ്കാരവിതരണവും പി വി അൻവർ എംഎൽഎ ഉദ്ഘാടനംചെയ്തു. ഇ കെ അയമു സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ കല്ലേമ്പാടത്ത് നടന്ന ചടങ്ങിൽ നിലമ്പൂർ ന​ഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാ​ഗമായി നാടകരംഗത്ത് തിളങ്ങിനിന്ന നിലമ്പൂർ ആയിഷ, വിജയലക്ഷ്മി ബാലൻ, ​ഗോപാലകൃഷ്ണൻ, നിലമ്പൂർ മണി, നൃത്താധ്യാപിക സൗമ്യ സുകുമാരൻ, ഹക്കീ വള്ളിയോത്ത്, പി ജെ, സന്തോഷ് ട്രോഫിയിലെ മിന്നുംതാരം ടി കെ ജസിൻ എന്നിവരെ ആദരിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ചോപ്പ് സിനിമയിലെ ​ഗാനങ്ങളുടെ റിലീസും ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ നാടകവും വേദിയിൽ അരങ്ങേറി. ട്രസ്റ്റ് ചെയർമാൻ ഇ പത്മാക്ഷൻ, ബഷീർ ചുങ്കത്തറ, കരീം പുളിയങ്കല്ല്, രാഹുൽ കൈമല, റഫീഖ് മം​ഗലശേരി, രാജീവ് ചെമ്മണിക്കര, പി ശിവാത്മജൻ, കെ റഹീം എന്നിവർ സംസാരിച്ചു.  
വീണ്ടും നിറകൈയടി 
കല്ലേമ്പാടത്തെ തിങ്ങിക്കൂടിയ ജനതയ്ക്ക് മുമ്പിൽ "ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്' അരങ്ങേറിയപ്പോൾ പുതിയ തലമുറയും പഴയ തലമുറയും നിറകൈയടികളോടെയാണ്  വരവേറ്റത്. ഏഴുപത് വർഷങ്ങൾക്കിപ്പുറം ഏറനാടിന്റെ ​ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ച നാടകം ഇന്നും മലയാളക്കര ഹൃദയത്തിലേറ്റുന്നതിന്റെ തെളിവായി നാടകം കാണാനെത്തിയ ജനക്കൂട്ടം. പതിമൂന്നാം വയസിൽ തന്നെ കൈപിടിച്ചുയർത്തിയ നാടകം കണ്ട നിലമ്പൂർ ആയിഷ സദസിൽപോലും നടിയായി മാറി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള സദസ് നാടക കലാകാരൻമാർക്കും ആവേശമായി. നാടകം അവസാനിക്കുംവരെ പൂർണ പിന്തുണയാണ്‌ സദസ്‌ നൽകിയത്‌.
 
നാടകപ്രസ്ഥാനം പകർന്നത്‌ മതേതരത്വവും 
മാനവികതയും: ആലങ്കോട്‌ ലീലാകൃഷ്‌ണൻ
നിലമ്പൂർ
മലബാറി‍ന്റെ നവോത്ഥാനത്തിന് വഴിയൊരുക്കിയത് ഇ കെ അയമുവി‍ന്റെ ‘ജ്ജ് നല്ലാരു മന്‌സനാകാൻ നോക്ക്‌’ എന്ന നാടകമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. വി ടി ഭട്ടതിരിപ്പാടി‍ന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോൾ മലബാറിൽ സാമൂഹിക പരിഷ്‌കരണത്തിന് വഴിയൊരുക്കിയ നാടകമാണ് ഇ കെ അമയുവിന്റേത്‌. മതേതരത്വവും മാനവികതയുമാണ് നാടകപ്രസ്ഥാനങ്ങൾ പകർന്നുനൽകിയത്‌. നാടിനെ ഭിന്നിപ്പിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ കലാകാരനിലൂടെ കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. 
 
ഇ കെ അയമു പുരസ്കാരം 
കരിവെള്ളൂർ മുരളി ഏറ്റുവാങ്ങി 
നാടകരം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്ക് ഇ കെ അയമു സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം  പി വി അൻവർ എംഎൽഎയിൽനിന്ന്‌ കരിവെള്ളൂർ മുരളി ഏറ്റുവാങ്ങി. നിലമ്പൂർ ആയിഷ പ്രശ്സതിപത്രം കൈമാറി. ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമാണ് ഇ കെ അയമുവിന്റെ പേരിലുള്ള പുരസ്കാരമെന്ന് കരിവെള്ളൂർ മുരളി പറഞ്ഞു.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top