25 April Thursday

അടുക്കളയിലെത്തും പാചകവാതകം

സ്വന്തം ലേഖകൻUpdated: Thursday Jan 20, 2022

മഞ്ചേരിയിൽ സിറ്റി ഗ്യാസ് സുരക്ഷാ പരിശോധന നടത്തുന്നു

ഗാർഹിക പാചകവാതക കണക്ഷനുകൾ ഫെബ്രുവരിയിൽ നൽകിത്തുടങ്ങും

 
മഞ്ചേരി
പാചക ആവശ്യത്തിനുള്ള ദ്രവീകൃത പ്രകൃതിവാതകം പൈപ്പ് ലൈൻവഴി അടുക്കളയിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അവസാനഘട്ടത്തിൽ. ഗാർഹിക പാചകവാതക കണക്ഷനുകൾ ഫെബ്രുവരിയിൽ നൽകിത്തുടങ്ങും. മഞ്ചേരി നഗരത്തിൽ മേലാക്കം, തടത്തികുഴി, നെല്ലിപറമ്പ് വാർഡുകളിലായി ആയിരം വീടുകളിലാണ് ആദ്യഘട്ടത്തിൽ ഗെയിൽ പൈപ്പ് ലൈൻവഴി പാചകവാതകം (പൈപ്ഡ് നാച്വറൽ ഗ്യാസ്) വിതരണംചെയ്യുക. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ)ആണ് പദ്ധതി നടപ്പാക്കുന്നത്.  
നഗരത്തിലൂടെ എട്ട് കിലോമീറ്റർ വിതരണ പൈപ്പ് ലൈൻ ഇതിനകം സ്ഥാപിച്ചു. ഒരു വാർഡിലേക്കുള്ള ഗാർഹിക കണക്ഷനുള്ള ഗെയിൽ പൈപ്പ്‌ലൈൻ പണി പൂർത്തിയാകാനുണ്ട്. ലൈനുകൾ കടന്നുപോയ ഭാഗങ്ങളിൽനിന്നുള്ള ഉപഭോക്താക്കളിൽനിന്ന് അടുത്തമാസം അവസാനത്തോടെ അപേക്ഷ സ്വീകരിക്കും. സിറ്റിഗ്യാസ് അധികൃതർ നേരിട്ട് എത്തിയാകും അപേക്ഷ സ്വീകരിക്കുക. നറുകര കേന്ദ്രീകരിച്ചാണ് ഗ്യാസ് വിതരണം. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക. മഞ്ചേരി നഗരസഭയുടെ അനാസ്ഥയാണ് പദ്ധതി അനന്തമായി നീണ്ടുപോകാൻ ഇടയാക്കിയത്. 
സുരക്ഷാ പരിശോധന ആരംഭിച്ചു 
സംസ്ഥാന പാതയിൽ മഞ്ചേരിമുതൽ വള്ളുവമ്പ്രംവരെയുള്ള 19 കിലോമീറ്ററിൽ സ്ഥാപിച്ച പ്രധാന പൈപ്പ് ലൈനിന്റെ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. പെരിന്തൽമണ്ണ, മലപ്പുറം, കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി ഉൾപ്പെടെ ജില്ലയിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം ഗ്യാസ് എത്തിക്കുന്നതിനുള്ള പ്രധാന പൈപ്പ്‌ ലൈനാണിത്‌. ഗ്യാസ് നിറയ്ക്കുന്നതിനേക്കാൾ 150 ശതമാനം അധികമർദത്തിൽ വെള്ളം നിറച്ചുള്ള ഹൈഡ്രോ ടെസ്റ്റിങ് ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തുന്നത്. പൈപ്പ് ലൈൻ ജോയിന്റിലോ മറ്റോ ലീക്കുണ്ടായാൽ കണ്ടെത്താനാകും. തുടർന്ന് പൈപ്പ് ലൈനിൽനിന്നുള്ള വെള്ളം നീക്കി ഈർപ്പം കളഞ്ഞ് കംപ്രസർ ഉപയോഗിച്ച് ഉണക്കും. ഇലക്ട്രോണിക് ജോമെട്രി പിഗ്ഗിങ് ഉപയോഗിച്ച് കേടുപാടുകളും പരിശോധിക്കും. 
വ്യവസായങ്ങൾക്കും നേട്ടം 
പദ്ധതി യാഥാർഥ്യമാകുന്നതോടെ ചെറുകിട വൻകിട വ്യവസായങ്ങൾക്ക് ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകും. ഇത് വ്യവസായ വികസനത്തിന് മുതൽക്കൂട്ടാകും. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക്‌ പ്രകൃതി വാതകം കുറഞ്ഞ നിരക്കിൽ ലഭ്യമാകും. കുറഞ്ഞ ചെലവിൽ 24 മണിക്കൂറും ഉപഭോക്താക്കളുടെ അടുക്കളയിൽ പാചകവാതകം ലഭ്യമാകും. വാഹന ഇന്ധനം ലഭ്യമാക്കുന്ന 12 സിഎൻജി സ്റ്റേഷനുകളും ജില്ലയിൽ പ്രവർത്തനസജ്ജമായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top