29 March Friday
സന്തോഷ്‌ ട്രോഫി

കോട്ടപ്പടി സ്റ്റേഡിയത്തിലെ മിനുക്കുപണികൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻUpdated: Thursday Jan 20, 2022

സന്തോഷ്‌ ട്രോഫി മത്സരങ്ങൾക്ക് മുന്നോടിയായി മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നവീകരണം 
പുരോഗമിക്കുന്നു

 
മലപ്പുറം
സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിന്റെ ബി ഗ്രൂപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെ മിനുക്കുപണികൾ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിലെ പുല്ലുകൾക്കിടയിലെ വിടവുകൾ നികത്തൽമുതൽ ഡഗ്ഔട്ടിനുസമീപത്തെ കമ്പിവേലി പിന്നിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളാണ് പുരോഗമിക്കുന്നത്.
കോട്ടപ്പടി സ്റ്റേഡിയം സന്ദർശിച്ച അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്)  സംഘം പുല്ലിലെ വിടവ്‌  നികത്താൻ നിർദേശിച്ചിരുന്നു.  രണ്ടാഴ്ചയായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള സ്‌പോർട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാരാണ് ഗ്രൗണ്ടിലെ പുല്ല്‌  പരിപാലിക്കുന്നത്‌.
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് അവസാനിക്കുന്നതുവരെ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കേരള സ്‌പോർട്‌സ് ഫൗണ്ടേഷന്റെ കീഴിലായിരിക്കും.  സ്റ്റേഡിയത്തിലെ ഗ്യാലറികൾ മോടിപിടിപ്പിക്കുക, ഡ്രസിങ്‌ റൂമിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക തുടങ്ങിയ ജോലികളും ഇതിൽപ്പെടും. ഇരു നിലകളിലും മികച്ച ഡ്രസിങ് റൂമുകൾ ഒരുക്കും. ഫ്‌ളഡ്‌ ലിറ്റ് ഇല്ലാത്തതിനാൽ രാവിലെ 9.30 നും പകൽ മൂന്നിനുമായിരിക്കും കോട്ടപ്പടി സ്റ്റേഡിയത്തിൽ മത്സരം. സ്റ്റേഡിയം ഗ്യാലറിയിൽ 8000 പേർക്കിരിക്കാം. 
പാർക്കിങ് പ്രശ്‌നം പരിഹരിക്കാൻ  സ്റ്റേഡിയം പരിസരത്ത്‌ ഒരുക്കാവുന്ന  സ്ഥലങ്ങളുടെ ലിസ്‌റ്റ്‌  ജില്ലാ പൊലീസ് മേധവി, പിഡബ്ല്യുഡി റോഡ് എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, ആർടിഒ, മലപ്പുറം നഗരസഭാ അധികൃതർ എന്നിവർക്ക്‌ കൈമാറാൻ   സെക്യൂരിറ്റി ആൻഡ്‌  പാർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സ്‌ന്തോഷ് ട്രോഫി ഓർഗനൈസിങ് കമ്മിറ്റി കൺവീനർ എ ശ്രീകുമാർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top