29 March Friday

പൊന്നാനി കോൾമേഖലയിൽ 
പുഞ്ചകൃഷി തുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday Jan 20, 2022

പൊന്നാനി കോള്‍ മേഖലയിൽ കൃഷിയിറക്കുന്ന കര്‍ഷകര്‍

 
പൊന്നാനി 
 വെട്ടിക്കടവ് മുതൽ ബിയ്യംവരെ എഴായിരം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോൾമേഖലയിൽ പുഞ്ചകൃഷി ആരംഭിച്ചു. കാലാവസ്ഥാ മാറ്റത്തിൽ നവംബറിലും മഴ പെയ്തതോടെയാണ് ഡിസംബറിൽ തുടങ്ങേണ്ട കൃഷി ജനുവരിയിലേക്ക്‌ മാറ്റിയത്‌.  ഒരുമാസം കൃഷിയിറക്കാൻ വൈകിയെങ്കിലും പ്രതിസന്ധിയെ തരണംചെയ്ത് സമയബന്ധിതമായി ഏപ്രിൽ, മെയ് മാസങ്ങളിൽ കൊയ്ത്ത് നടത്താനുള്ള ശ്രമത്തിലാണ് കർഷകർ. ഇതിനായി മൂപ്പുകുറഞ്ഞ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. 
   പൊന്നാനി കോൾമേഖല അഭിവൃദ്ധിയുടെ നിറവിലാണിപ്പോൾ. റീബിൾഡ് കേരള പദ്ധതിയുടെ ഭാഗമായി തൃശൂർ–- പൊന്നാനി കോൾമേഖലയുടെ വികസനത്തിനായി 298 കോടിയാണ് സർക്കാർ അനുവദിച്ചത്. രണ്ട് പ്രളയത്തിലും നഷ്ടങ്ങൾ കൊയ്ത കർഷകരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ. 
 കൃഷിക്കാവശ്യമായ തോടുകളുടെ നവീകരണം, പമ്പ്‌ ഹൗസുകൾ, ബണ്ടുകളുടെ മേലെ നിർമിക്കുന്ന സ്ലൂയിസുകൾ, കിടനിർമാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ സ്ഥലങ്ങളിൽ ട്രാൻസ്ഫോമറുകൾ, ഇലക്ട്രിക്കൽ വർക്കുകൾക്കും ഡിജിറ്റൽ മാപ്പിങ്‌ സിസ്റ്റം എന്നിവക്കായാണ് പദ്ധതിയിലൂടെ തുക അനുവദിച്ചത്. നാലായിരം ഏക്കറിൽ ഒതുങ്ങിനിന്നിരുന്ന കൃഷി സർക്കാരിന്റെ കാർഷിക നയത്തിന്റെ ഭാഗമായി ഏഴായിരം ഏക്കറിലേക്ക് മാറി.  താൽക്കാലിക ബണ്ട് പൊട്ടലും ഉപ്പ്വെള്ളം കേറലും  പതിവായിരുന്ന കോൾമേഖലക്ക് സ്ഥിരം ബണ്ട് യാഥാർഥ്യമാക്കിയതോടെയാണ് കർഷകർ എല്ലാം മറന്ന് പാടത്തേക്കിറങ്ങിയത്. 
 കൊയ്തെതെടുത്ത നെല്ലുകൾ മുഴുവനും 28 രൂപക്ക് സപ്ലൈകോ ഏറ്റെടുക്കും.  നെല്ലിന് ബാങ്ക് മുഖേന കാലതാമസംകൂടാതെ പണം ലഭ്യമായതാണ് കർഷകരുടെ പ്രതീക്ഷ വർധിച്ചത്. 
കൂടാതെ സുസ്ഥിര വികസന പദ്ധതിയിലൂടെ ഒരേക്കറിന് 1400 രൂപ വച്ച് സർക്കാർ കർഷകന് നൽകിയതും കൂലി ചെലവും ആവശ്യമായ വിത്തും തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നതും കർഷകരെ പാടത്തേക്ക് ആകർഷിച്ചു. സർക്കാർ പദ്ധതികൾ കർഷകർക്ക് വലിയ ആശ്വാസം നൽകിയെന്ന് കോൾ മേഖലാ സെക്രട്ടറി ജയാനന്ദൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top