26 April Friday
ഒപി സജീവമായി

ആശുപത്രികളിൽ തിരക്കേറുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jan 20, 2021

 

മലപ്പുറം

കോവിഡ്‌ വ്യാപനംമൂലം തിരക്കൊഴിഞ്ഞ സർക്കാർ ആശുപത്രികൾ വീണ്ടും സജീവമാകുന്നു. ജില്ലയിൽ കൂടുതൽ രോഗികളെത്തുന്ന തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മലപ്പുറം താലൂക്ക്‌ ആശുപത്രിയിലും പൊന്നാനി മാതൃ –- ശിശു ആശുപത്രിയിലും ചികിത്സക്കെത്തുന്നവരുടെ എണ്ണം വർധിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പത്ത്‌ മാസങ്ങൾക്കുശേഷം തിങ്കളാഴ്ച മുതൽ ഒപി ആരംഭിച്ചു. ആദ്യദിനം 60 പേരാണ്‌ ഒപിയിൽ ചികിത്സക്കെത്തിയത്‌. ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, സൈക്യാട്രി, നേത്രരോഗ വിഭാഗം, ഓങ്കോളജി എന്നിവയുടെ ഒപിയാണ് തുടങ്ങിയത്. മറ്റ് ആശുപത്രികളിൽനിന്ന് റഫറൽ ചീട്ടുമായി എത്തുന്നവർക്കാണ് മെഡിക്കൽ കോളേജിൽ പ്രവേശനം.  മലപ്പുറം താലൂക്ക്‌ ആശുപത്രിയിൽ 700 മുതൽ 800 വരെ രോഗികൾ ദിവസവും ചികിത്സതേടി എത്തുന്നുണ്ട്‌. കോവിഡിനുമുമ്പ്‌ തിരക്കുള്ള സമയങ്ങളിൽ 1300 രോഗികൾവരെയാണ്‌ എത്തിയിരുന്നത്‌. രോഗവ്യാപന ഘട്ടത്തിൽ ഏർപ്പെടുത്തിയ ത്രീ ലെയർ സംവിധാനം ഒഴിവാക്കിയതോടെ ആകെയുള്ള 22 ഡോക്ടർമാരും ജോലിക്കെത്തുന്നുണ്ട്‌. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രണ്ടായിരത്തോളം രോഗികൾ ദിവസവും ഒപിയിൽ എത്തുന്നു. 300ലധികം രോഗികൾ കിടത്തി ചികിത്സയിലുണ്ട്‌. 33 ഡോക്ടർമാരാണ്‌ വിവിധ ശാഖകളിലായുള്ളത്‌. തിരൂർ ജില്ലാ ആശുപത്രിയിൽ രോഗികളുടെ എണ്ണം കോവിഡിനുമുമ്പുണ്ടായിരുന്ന നിലയിലേക്ക് വർധിക്കുന്നു. നിലവിൽ ഒപി വിഭാഗത്തിൽ ദിവസം 800നും 1000നും ഇടയിൽ രോഗികളാണ്‌ എത്തുന്നത്. കോവിഡിനുമുമ്പ്‌ 1500നും 2000ത്തിനുമിടയിൽ രോഗികൾ ചികിത്സ തേടിയിരുന്നു. ഡോക്ടർമാർക്കടക്കം കോവിഡ് ബാധിച്ചതിനെ തുടർന്ന് ലോക്ക്ഡൗണിൽ ചില ക്രമീകരണങ്ങളോടെയാണ്‌ ഒപി പ്രവർത്തിച്ചത്‌. പൊന്നാനി മാതൃ ശിശു ആശുപത്രിയും പഴയനില വീണ്ടെടുക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ 50ൽ താഴെയായിരുന്നു ഒപിയെങ്കിൽ ഇപ്പോൾ അഞ്ഞൂറോളം പേരാണ് പ്രസവ സംബന്ധമായും മറ്റ് ചികിത്സക്കും എത്തുന്നത്. കോവിഡിനുമുമ്പ് ആയിരത്തിലധികം പേർ ദിവസേന എത്തിയിരുന്നു. ഡിസംബറിൽ മുന്നൂറിലധികം പ്രസവമാണ് ആശുപത്രിയിൽ നടന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top