മേലാറ്റൂർ
ഉഗാണ്ട പാരാ ഇന്റർനാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി മലയാളി താരങ്ങൾ. എസ്എച്ച് ആറ് ഡബിൾസ് വിഭാഗത്തിൽ ഇന്ത്യക്കുവേണ്ടി ആകാശ് എസ് മാധവൻ–-ഗോകുൽ ദാസ് സഖ്യം സ്വർണം നേടി. സ്‌പെയിനിന്റെ സെഗ്യുറ എസ്കോബർ, ബാലസുബ്രഹ്മണ്യൻ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത് (21-–-19, 26–-24).
എസ്എൽ നാല് മിക്സഡ് ഡബിൾസിൽ ശ്രീറാം മുത്തുരാമൻ (ഇന്ത്യ)–- മാർഗരറ്റ് മേരി വിൽസൺ (സ്‌കോട്ട്‌ലൻഡ്) സഖ്യം വെള്ളിയും എസ്എൽ നാല്, എസ്എൽ മൂന്ന് പുരുഷ ഡബിൾസ് വിഭാഗത്തിൽ ശ്രീറാം മുത്തുരാമൻ (കേരള), ശരണപ്പ (കർണാടക) സഖ്യം വെങ്കലവും സ്വന്തമാക്കി.
എസ്എച്ച് ആറ് പുരുഷവിഭാഗം സിംഗിൾസിൽ ഗോകുൽ ദാസ് വെങ്കല മെഡലും എസ്‌യു അഞ്ചിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ചാൾസ് സൂസമരിയൻ (കേരള) ഗൗതം (കർണാടക) സഖ്യം വെങ്കലവും നേടി.
മലപ്പുറം മേലാറ്റൂർ സ്വദേശി ആകാശ് എസ് മാധവൻ, കോഴിക്കോട് സ്വദേശി ഗോകുൽ ദാസ്, തിരുവനന്തപുരം സ്വദേശികളായ ശ്രീറാം മുത്തുരാമൻ, ചാൾസ് സൂസമരിയൻ എന്നിവരാണ് ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങിയ മലയാളി താരങ്ങൾ. 19 രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ആറ് വിഭാഗങ്ങളിലായി 35 ഇന്ത്യൻ താരങ്ങൾ പങ്കെടുത്തു.
ആകാശ് എസ് മാധവന് ലോക ഡാർഫ് ഒളിമ്പിക്സ് 2013ൽ ഷോട്ട്‌പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും 2017ൽ ജാവലിൻ ത്രോയിൽ വെങ്കലവും ലഭിച്ചിട്ടുണ്ട്. മേലാറ്റൂർ ഇടത്തള മഠത്തിൽ ഗീത–സേതുമാധവൻ ദമ്പതികളുടെ മകനാണ് മുപ്പത്തിരണ്ടുകാരനായ ആകാശ്. ഭാര്യ ഇന്ത്യോനേഷ്യക്കാരി ദേവി സിതി സെന്ദരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..