28 March Thursday

ഇനിയും മുന്നോട്ട്‌

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

മലപ്പുറം

രണ്ടാം പിണറായി സർക്കാർ നൂറുദിവസം പിന്നിടുമ്പോൾ മലപ്പുറത്തിന്‌ അഭിമാന നേട്ടങ്ങളേറെ. എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക്‌ ജില്ല  സാക്ഷിയായി.  മത്സ്യത്തൊഴിലാളികൾക്ക്‌ സുരക്ഷിത ഭവനമൊരുക്കിയും ആയിരങ്ങളെ ഭൂമിയുടെ അവകാശികളാക്കിയും നാടിനെ ചേർത്തുപിടിച്ചു. സ്‌കൂളുകൾ ഹൈടെക്കായി. സേവനങ്ങൾ വാതിൽപ്പടിയിലെത്തി. ആരോഗ്യ മേഖലയെ മികവിലേക്കുയർത്തിയ പദ്ധതികൾ യാഥാർഥ്യമായി. സേവനം വീട്ടുപടിക്കലെത്തിക്കുന്ന ‘വാതിൽപ്പടി സേവന’ പദ്ധതി പെരിന്തൽമണ്ണ, തിരൂർ നഗരസഭയിലാണ്‌ ആദ്യഘട്ടത്തിൽ നടപ്പാക്കിയത്‌. 150 വളന്റിയർമാർ രജിസ്റ്റർചെയ്‌തു. ‘ടേക്ക്‌ എ ബ്രേക്ക്‌’ പദ്ധതിയിൽ 11  പൊതുശുചിമുറികൾ തുറന്നു. പഞ്ചായത്തിൽ രണ്ടും നഗരസഭകളിൽ നാലും പൊതുശുചിമുറികൾ ഒരുക്കുന്ന പദ്ധതി പുരോഗമിക്കയാണ്‌. 10 എണ്ണംകൂടി ഉടൻ ഉദ്‌ഘാടനംചെയ്യും. 128 മത്സ്യത്തൊഴിലാളി
കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ്‌ അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വം പകർന്ന ആഹ്ലാദനിറവിലാണ്‌ 128 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെ പൊന്നാനിയിൽ നിർമിച്ച ആധുനിക ഫ്ലാറ്റ് സമുച്ചയം കുടുംബങ്ങൾക്ക്‌ കൈമാറി. വേലിയേറ്റ രേഖയിൽ 50 മീറ്റർ പരിധിക്കുള്ളിലുള്ളവർക്ക്‌ സുരക്ഷിത മേഖലയിൽ ഭവനം ഒരുക്കുന്ന പദ്ധതിയിൽ 13.7 കോടി രൂപ ചെലവിലാണ് ഫ്ലാറ്റ്‌ സമുച്ചയം നിർമിച്ചത്‌. പൊന്നാനി ഹാർബറിന്റെ രണ്ടേക്കർ സ്ഥലത്ത് 16 ബ്ലോക്കിലായി 530 സ്‌ക്വയർ ഫീറ്റിലാണ് ഫ്ലാറ്റുകൾ. കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം, മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയവയും ഒരുക്കി. 2061 പട്ടയം നൂറുദിന പദ്ധതിയുടെ ഭാഗമായ പട്ടയമേളയിൽ ജില്ലയിൽ 2061 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ' ലക്ഷ്യം മുൻനിർത്തിയായിരുന്നു മേള. സംസ്ഥാനതലത്തിൽ വിതരണംചെയ്ത പട്ടയങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ല.  ആരോഗ്യമേഖലക്ക്‌
കരുത്ത്‌ നൂറുദിന പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിൽ ഏറ്റവുമധികം പദ്ധതികൾ നടപ്പാക്കിയത്‌ മലപ്പുറത്താണ്‌. സംസ്ഥാനത്ത്‌ ഉദ്ഘാടനംചെയ്ത 158 പദ്ധതികളിൽ 106 എണ്ണമാണ്‌ ജില്ലയിലുള്ളത്‌. പ്രസവസമയത്തും പ്രസവാനന്തരവും ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കാൻ തിരൂർ (രണ്ട്‌ കോടി രൂപ ചെലവ്‌), പെരിന്തൽമണ്ണ (2.44 കോടി) ജില്ലാ ആശുപത്രികളിലും മലപ്പുറം (67 ലക്ഷം) താലൂക്ക്‌ ആശുപത്രിയിലും ലക്ഷ്യ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച മാതൃ-ശിശു ബ്ലോക്കുകൾ നാടിന്‌ സമർപ്പിച്ചു. ആർദ്രം പദ്ധതിയിൽ പോരൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. സാഗി പദ്ധതിയിൽ ഏഴ്‌ സബ് സെന്ററുകൾ ഉദ്‌ഘാടനംചെയ്‌തു. 1.66 കോടി രൂപ ചെലവിൽ 95 ആയുഷ്‌മാൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ രണ്ടാംഘട്ട പ്രവൃത്തി തുടങ്ങി. മെഡിക്കൽ കോളേജിൽ
3 പദ്ധതികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ മൂന്ന്‌ പദ്ധതികൾ യാഥാർഥ്യമാക്കി. ആധുനിക സൗകര്യങ്ങളോടുകൂടിയ മോർച്ചറി കോംപ്ലക്സ്, വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ്, അഗ്നിസുരക്ഷാ സംവിധാനം എന്നിവയാണ്‌ ഒരുങ്ങിയത്‌. സ്റ്റോറേജ് മുറി, ഇൻക്വസ്റ്റ് മുറി, ഫൊറൻസിക് ലാബ്, സ്റ്റുഡന്റ്സ് സെമിനാർ ഹാൾ എന്നിവ മോർച്ചറി കോംപ്ലക്സിലുണ്ട്‌. ഒന്നിൽ കൂടുതൽ പോസ്റ്റ്മോർട്ടം നടത്താനും മൃതദേഹങ്ങൾ സൂക്ഷിക്കാനും സൗകര്യമുണ്ട്‌. ഒരുകോടി രൂപ ചെലവിലാണ് സുരക്ഷാ സംവിധാനം ഒരുക്കിയത്. അത്യാഹിത വിഭാഗം നവീകരണം പുരോഗമിക്കുന്നുണ്ട്‌. 17 സ്‌കൂളുകൾകൂടി
ഹൈടെക്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 17 സ്കൂൾ കെട്ടിടങ്ങൾകൂടി നാടിന് സമർപ്പിച്ചു. 18 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾക്ക് കല്ലിട്ടു. അഞ്ചുകോടി രൂപയും മൂന്നുകോടി രൂപയും ചെലവഴിച്ച്‌ നിർമിച്ച കെട്ടിടങ്ങൾ ഉൾപ്പെടെയാണ്‌ തുറന്നത്‌. മൂന്ന്‌ സ്‌കൂളുകളിലെ ഹൈടെക് ലാബുകളും തുറന്നു. ആദ്യമായാണ് ഇത്രയധികം സ്കൂളുകൾ ഒരുമിച്ച് ഉദ്ഘാടനംചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top