19 April Friday

ജനകീയ കൂട്ടായ്‌മ 29ന്‌ നാടുണരും, മലബാർസമരത്തെ മായ്‌ക്കുന്നതിനെതിരെ

സ്വന്തം ലേഖകൻUpdated: Saturday Sep 19, 2020

 മലപ്പുറം

സാമ്രാജ്യത്വ–-ജന്മിത്വ വിരുദ്ധ മലബാർസമരത്തിന്റെ ധീരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചരിത്രഗവേഷണ കൗൺസിലിന്റെ ‘രക്തസാക്ഷി അമരകോശ’ത്തിൽനിന്ന് വെട്ടിമാറ്റിയതിനെതിരെ 29ന്‌ ജനകീയ കൂട്ടായ്‌മ. കുഞ്ഞഹമ്മദ്ഹാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവച്ച്‌ വീഴ്‌ത്തിയ മലപ്പുറം കോട്ടക്കുന്ന് പരിസരത്താണ്‌ ‘മായ്‌ക്കാനാകില്ല മലബാർ സമരചരിത്രം, ചരിത്രഹത്യക്കെതിരെ ജനകീയ കൂട്ടായ്‌മ’ എന്ന ശീർഷകത്തിൽ പരിപാടി.  
 ഇ എം എസ് പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിലാണ്‌ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്‌.  വൈകിട്ട്‌ നാലിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അധ്യക്ഷനാകും. തിരൂരങ്ങാടി പിഎസ്‌എംഒ കോളേജ്‌ ചരിത്രവിഭാഗം അധ്യാപകൻ അബ്ദുൾ റസാഖ്‌, സുൽത്താൻ ബത്തേരി സെന്റ്‌ മേരീസ്‌ കോളേജ്‌ അധ്യാപകനും പ്രഭാഷകനുമായ ശ്രീജിത്ത്‌ ശിവരാമൻ എന്നിവർ സംസാരിക്കും. സ്വാതന്ത്ര്യ സമരഗീതങ്ങൾ കോർത്തിണക്കി പടപ്പാട്ടുകളുടെ സംഗീതാവിഷ്‌കാരം അരങ്ങേറും. കലിക്കറ്റ്‌ സർവകലാശാലയുമായി സഹകരിച്ച്‌ ചരിത്രപ്രദർശനവുമുണ്ടാകും. ചരിത്രകാരന്മാർ, ജനനേതാക്കൾ, ചരിത്ര വിദ്യാർഥികൾ, സാംസ്‌കാരിക പ്രവർത്തകർ, സ്വാതന്ത്ര്യ സമരസേനാനികൾ, മലബാർ സമരത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർ തുടങ്ങിയവർ പങ്കെടുക്കും. ഫേസ്‌ബുക്ക്‌ ലൈവുമുണ്ടാകും. 
മലബാറിലെ സാമ്രാജ്യത്വവിരുദ്ധ കർഷക പോരാട്ടങ്ങളെയും രക്തസാക്ഷികളായ ആലി മുസ്ല്യാർ, വാരിയൻകുന്നത്ത്‌ കുഞ്ഞമ്മദ്ഹാജി എന്നിവരെയും സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്ന് ബഹിഷ്‌കൃതരാക്കാനുള്ള നീക്കത്തിൽ ചരിത്രഗവേഷണ കൗൺസിൽ പിന്മാറണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ ഇ മെയിൽ സന്ദേശം അയക്കും. ചരിത്രകാരന്മാർ, ചരിത്ര വിദ്യാർഥികൾ, ഗവേഷകർ, സംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങി എല്ലാ മേഖലയിലുമുള്ളവർ ഇതിൽ പങ്കാളികളാകും. 
കൂട്ടായ്‌മയുടെ ഭാഗമായി 24ന്‌ കെഎസ്‌ടിഎ ഹാളിൽ ചിത്രരചനാ ക്യാമ്പ്‌ ഒരുക്കും. സ്വാതന്ത്ര്യ സമര സേനാനികള്‍, മലബാർ സമരത്തിന്റെ ഉജ്വല സമര മുഹൂർത്തങ്ങള്‍ എന്നിവ ചിത്രങ്ങളായി ആവിഷ്‌കരിക്കും. 
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെ കാവിവൽക്കരിക്കുന്നതിനെതിരെയുള്ള മഹാപ്രതിരോധത്തിന്‌ കരുത്ത്‌ പകരാനാണ്‌ കൂട്ടായ്‌മ‌ സംഘടിപ്പിക്കുന്നതെന്ന്‌ ഇ എം എസ്‌ പഠനഗവേഷണ കേന്ദ്രം സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top