29 March Friday
ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

ചരിത്രം പകർത്തിയ ക്യാമറക്കണ്ണ്

എം സനോജ്‌Updated: Friday Aug 19, 2022

സെനിത്ത്‌ ക്യാമറയുമായി രാജേന്ദ്രവർമ്മ

 നിലമ്പൂർ> ആയിരം വാക്കുകൾക്ക്‌ തുല്യമാണ്‌  ഒരു ചിത്രം. അപ്പോൾ ചരിത്ര സംഭവങ്ങൾ പകർത്തിയ ക്യാമറയായാലോ..!  അത്തരമൊരു ക്യാമറ ഇവിടെ നിലമ്പൂരുണ്ട്‌. നിലമ്പൂർ കോവിലകത്തെ രാജേന്ദ്രവർമ്മയുടെ ‘സെനിത്ത്‌’ ക്യാമറ. കക്ഷി റഷ്യനാണ്‌. ജില്ലയിലെ ആദ്യ വിമാനാപകടംമുതൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാൽ നെഹ്റുവിന്റെ സന്ദർശനങ്ങൾവരെ ഈ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 
 1950കളിലാണ് സെനിത്ത് ക്യാമറ രാജേന്ദ്രവർമ്മയുടെ അച്ഛൻ ടി എൻ ​ഗോദവർമൻ തിരുമുൽപാടിന് ലഭിക്കുന്നത്. കേരള കലാമണ്ഡലത്തിൽനിന്ന് റഷ്യയിൽ പര്യടനം നടത്തിയ കഥകളി സംഘത്തിന് സമ്മാനമായി ലഭിച്ചതായിരുന്നു സെനിത്ത് ക്യാമറ.

അക്കാലത്ത് നിലമ്പൂർ കോവിലകത്ത് കഥകളി അരങ്ങേറുന്ന വേളയിൽ നിലമ്പൂരിലെത്തിയ സംഘം ഫോട്ടോഗ്രഫിയിൽ തൽപ്പരനായിരുന്ന തിരുമുൽപാടിന് ക്യാമറ കൈമാറുകയായിരുന്നു.  എസ്എൽആർ ക്യാമറകളുടെ അതേ ആകൃതിയിലുള്ള സെനിത്ത് അക്കാലത്തെ ഏറ്റവും പ്രധാന ക്യാമറകളിലൊന്നായിരുന്നു.
 
  നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളും  ഈ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 1955ൽ നിലമ്പൂർ കോവിലകത്ത് എത്തിയ നെഹ്‌റുവിന്റെ ചിത്രങ്ങളും 1960ൽ നാഗ്പുർ ഫ്ലൈയിങ് ക്ലബ്ബിന്റെ പരിശീലന വിമാനം നിലമ്പൂർ തൊണ്ടിയിൽ തകർന്നുവീണതും പകർത്തിയത് ഇതേ ക്യാമറയിലായിരുന്നു. 1969ലെ ചേളാരിയിലെ എയർ സ്ട്രിപ്പിലുണ്ടായ അപകടവും  കോവിലകത്തെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌. 
 1990ൽ ക്യാമറയുടെ മെറ്റൽ സ്പൂൾ കേടായതിനെ തുടർന്നാണ് പടമെടുപ്പ് നിർത്തിയത്. നന്നാക്കാനായി രാജ്യത്തെ പല സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും നടന്നില്ല.

ഒടുവിൽ സെനിത്ത് കമ്പനിയുടെ വിലാസം തപ്പിയെടുത്ത് കത്തയച്ചു. ആ ക്യാമറ ഇപ്പോഴും സൂക്ഷിക്കുന്നതറിഞ്ഞതിൽ സ ന്തോഷം പ്രകടിപ്പിച്ച് അവർ അങ്ങോട്ട് അയച്ചു തരാമോയെന്നാണ് ചോദിച്ചത്. എന്നാൽ, അതിന്‌ മനസ്സുവന്നില്ല. അച്ഛനെപോലെ ഫോട്ടോഗ്രഫി ഹോബിയായെടുത്തതിനാൽ പിന്നീട് രണ്ടു ക്യാമറകൾ വാങ്ങി. എങ്കിലും  ഏറ്റവും ഇഷ്ടം സെനിത്ത്‌ ക്യാമറതന്നെയെന്ന്‌ രാജേന്ദ്രവർമ്മ പറയുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top