25 April Thursday
മഴ

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
മലപ്പുറം
മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ  ഏകോപനത്തോടെ പ്രവർത്തിക്കാൻ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് കലക്ടറുടെ നിർദേശം. ജില്ലയിൽ അതിശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കലക്ടർ വി ആർ പ്രേംകുമാർ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നത്.   
അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സംവിധാനമുണ്ടാക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് വള്ളങ്ങൾ സജ്ജമാക്കാനും ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കാനും ഫിഷറീസ്, ഗതാഗത വകുപ്പുകൾക്ക് നിർദേശം നൽകി. വനമേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകാൻ സംവിധാനമൊരുക്കും. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കും. ദുരന്ത സാഹചര്യങ്ങളിൽ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ സൗകര്യമൊരുക്കും. നദികളിലെ ചെളി നീക്കംചെയ്യുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം ജില്ലയിൽ ക്യാമ്പ് ചെയ്യും. ജില്ലയിലെ  ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ജില്ലാ ഡെവലപ്‌മെന്റ് കമീഷണർ എസ് പ്രേം കൃഷ്ണൻ, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാർ, സൗത്ത് ഡിഎഫ്ഒ പി പ്രവീൺ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ പി  ജയകുമാർ, റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ എം സി റജിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top